ശക്തികുളങ്ങര ഹാർബറിൽ 52-കാരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ
കൊല്ലം: ശക്തികുളങ്ങര ഹാർബറിൽ മുൻവിരോധത്തെ തുടർന്ന് 52-കാരനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. ശക്തികുളങ്ങര കാവനാട് കന്നിമേൽച്ചേരി കള്ളാട്ട് വടക്കേത്തറ വീട്ടിൽ ബിജു (56) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. സെപ്റ്റംബർ 22ന് പുലർച്ചെ 12.30-ഓടെ ശക്തികുളങ്ങര ഹാർബറിൽ വച്ച് മുൻവിരോധത്തെ തുടർന്ന് 52-കാരനും പ്രതിയും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് പ്രതി കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇയാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ആക്രമണത്തിൽ 52-കാരന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരിക്കുകൾ സംഭവിച്ചു. സംഭവവിവരമറിഞ്ഞ് അന്വേഷണം ആരംഭിച്ച ശക്തികുളങ്ങര പോലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു. ശക്തികുളങ്ങര എസ്.എച്ച്.ഒ അനീഷ് കുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ മാരായ ശ്രീകുമാർ, സുമാഭായി, എസ്.സി.പി.ഒ സതീഷ്, സി.പി.ഓ കിഷോർമോൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്
