മന്ത്രി ജനീഷിന്റെ കാറിന് നേരെ കല്ലുകൊണ്ടിടി : ജീപ്പിന്റെ താക്കോലൂരി

0
OJ JANEESH

കണ്ണൂർ: തിരുവനന്തപുരത്തുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായി വടക്കൻ കേരളത്തിൽ മന്ത്രി ഒ.ജെ. ജനീഷിന് നേരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം. തളിപ്പറമ്പിൽ വെച്ച് മന്ത്രി സഞ്ചരിച്ച ഇന്നോവ കാറിന് നേരെ ചാടിവീണ് തടഞ്ഞുനിർത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലുകൊണ്ട് വാഹനത്തിൽ ഇടിച്ച് കേടുപാടുകൾ വരുത്തുകയും അകമ്പടി പോയ പൊലീസ് ജീപ്പിന്റെ താക്കോലൂരുകയും ചെയ്തു. കാസർകോട് നീലേശ്വരത്തും കാഞ്ഞങ്ങാടും മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് തടയാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

വ്യാഴാഴ്ച ഉച്ചയോടെയാണ് തളിപ്പറമ്പിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നാടുകാണിയിലെ സഫാരി പാർക്കുമായി ബന്ധപ്പെട്ട ഔദ്യോഗിക അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം കാസർകോട്ടേക്ക് പോകുകയായിരുന്നു മന്ത്രി. തളിപ്പറമ്പിൽ വെച്ച് റോഡിലേക്ക് ചാടിവീണ ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. പ്രതിഷേധത്തിനിടെ കല്ലുകൊണ്ട് ഇടിച്ച് വാഹനത്തിന്റെ ഫ്ലാഗ് പോളും റെയിൻ ഗാർഡും തകർത്തതായി മന്ത്രിക്കൊപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് വി.പി. അബ്ദുൾ റഷീദ് പറഞ്ഞു. ഇതിനിടെ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് ജീപ്പിന്റെ താക്കോൽ പ്രതിഷേധക്കാർ ഊരിയെടുക്കുകയും ചെയ്തു.

തുടർന്ന് കാസർകോട് ജില്ലയിലേക്ക് പ്രവേശിച്ച മന്ത്രിക്ക് നേരെ നീലേശ്വരത്തും കാഞ്ഞങ്ങാടും ഡിവൈഎഫ്ഐ കരിങ്കൊടി വീശി. തളിയിൽ ക്ഷേത്രത്തിന് സമീപത്തുവെച്ച് വാഹനവ്യൂഹത്തിന് നേരെ അപ്രതീക്ഷിതമായി പാഞ്ഞടുത്ത പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. എന്നാൽ മന്ത്രി പങ്കെടുത്ത നീലേശ്വരം പാലസ് ഗ്രൗണ്ടിൽ കൂടുതൽ പ്രവർത്തകർ സംഘടിച്ചെത്തി വാഹനം വളഞ്ഞു. പ്രതിഷേധം കനത്തതോടെ മന്ത്രിക്ക് പുറത്തിറങ്ങാനാവാതെ അല്പസമയം വാഹനത്തിൽ തന്നെ കുടുങ്ങിക്കിടക്കേണ്ടി വന്നു. തുടർന്ന് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തിവീശിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. കാഞ്ഞങ്ങാട് ടൗണിലും മന്ത്രിയുടെ വാഹനം തടയാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. തലസ്ഥാനത്തുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വടക്കൻ ജില്ലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *