കരുനാഗപ്പള്ളി താലൂക്കിലെ ഒരു പുസ്തകം “വാക്കുകളുടെ പെയ്ത്ത്” ഷാർജയിൽ പ്രകാശനം ചെയ്യുന്നു
ഷാർജ : നവംബർ മാസം 4 മുതൽ 15 വരെ ഷാർജ എക്സ്പോസ് സെന്ററിൽ നടക്കുന്ന നാല്പത്തിയഞ്ചാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ എഴുത്തുകാരിയും അധ്യാപികയുമായ കൊല്ലം കരുനാഗപ്പള്ളി താലൂക്കിൽ ചവറ പന്മന പുത്തൻചന്ത ഹാഷിം നിവാസിൽ ലിബിന ഹാഷിമിന്റെ അമ്പതോളം കവിതകളടങ്ങിയ “വാക്കുകളുടെ പെയ്ത്ത്” എന്ന കവിത സമാഹാരം പുസ്തകോത്സവം നടക്കുന്ന എക്സ്പോ സെന്ററിലെ ഏഴാം നമ്പർ ഹാളിനെ റൈറ്റേഴ്സ് ഫോറത്തിൽ 2026 നവംബർ 12നു രാവിലെ 10 (ഇന്ത്യൻ സമയം 11:30 നു) മണിക്ക് പ്രകാശകർമ്മം നിർവഹിക്കും. ഷാർജ ബുക്ക് അതോറിറ്റി പ്രതിനിധികൾ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ദുബായ് ആസ്ഥാനമായ പ്രവർത്തിക്കുന്ന ചിരന്തന പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ലിബിനയുടെ ജന്മ സ്ഥലമായ പനയന്നാർകാവ് എന്ന പ്രദേശത്തെ കുറിച്ചും തന്റെ ആദ്യ കവിത സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യപുസ്തകം അന്തരാഷ്ട്ര തലത്തിൽ പ്രകാശനം ചെയ്യാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ലിബിന ഹാഷിം പറഞ്ഞു. കുട്ടികാലം മുതൽ വായനയും എഴുത്തും ശീലമാക്കിയ ലിബിന ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുമായിരുന്നു. നിരവധി കവിത സമാഹാരങ്ങളിലും കഥാസമാഹാരങ്ങളിലും എഴുതിയിട്ടുണ്ട്. ഏഷ്യാനെറ്റ് ഓൺലൈൻ മീഡിയയിൽ യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ലിബിനയുടേതായ ഒരു പുസ്തകം പുറത്തിറങ്ങുന്നത്.
പനയന്നാർകാവ് എസ് വി പി എം എച്ച് എസിലും, കരുനാഗപ്പള്ളി മോഡൽ എച്ച്.എസ്.സി ലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കല്ലേലിഭാഗം ശ്രീനാരായണ ടീച്ചിംഗ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ടി ടി സി യും, കൊല്ലം ടികെഎം കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ലിബിന ഇപ്പോൾ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. കൊല്ലം കുറ്റിവട്ടം അബ്ദുൾ ലത്തീഫിന്റെയും, റഹിയാ ലത്തീഫിന്റെയും ഏക മകളായി ജനനം. ഭർത്താവ് ഹാഷിം കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്, മക്കൾ: ഹലീം ഹാഷിം, അമാൻ ഹാഷിം
