നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ച സബിതിന്റെ ഞെട്ടിക്കുന്ന രഹസ്യമൊഴി

0
SABITH

കൊച്ചി: സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷനിലെ തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ നിന്ന് ഏഴ് ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് മോഷ്ടിച്ച് കേസില്‍ പിടിയിലായ സബിത് ചോദ്യം ചെയ്യലില്‍ വിചിത്രമൊഴി നല്‍കി. ഒന്‍പത് ദിവസത്തിലേറെയായി പോലീസിനെ വെട്ടിച്ച് വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ, കൊച്ചിയില്‍ കാമുകിയെ കാണാന്‍ എത്തിയ വേളയില്‍ വയനാട് എസ്.പി ദേവ മനോഹര്‍, കണ്ണൂര്‍ ഡി.ഐ.ജി കെ. കാര്‍ത്തിക്ക് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അതിസാഹസിക മിന്നല്‍ നീക്കത്തിലാണ് വലയിലാക്കിയത്. ലഹരിമരുന്ന് വേട്ടയ്ക്ക് നേതൃത്വം നല്‍കേണ്ട പോലീസുകാരന്‍ തന്നെ സ്‌റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ മോഷ്ടിച്ചു കടത്തിയത്.

വയനാട് എസ്.പി ദേവമനോഹറിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം പൂര്‍ണ്ണമായും നിഷേധിച്ചുകൊണ്ട് വിചിത്രമായ മൊഴിയാണ് സബിത്ത് നല്‍കിയിരിക്കുന്നത്. താന്‍ ഹാന്‍സ് മോഷ്ടിച്ചിട്ടില്ലെന്നും മാറ്റിവെച്ചതാണെന്നുമാണ് ഇയാളുടെ വാദം. ബത്തേരി പോലീസ് സ്‌റ്റേഷനില്‍ എസ്.സി.പി.ഒ ഗ്രേഡില്‍ ജോലി ചെയ്യുന്ന താന്‍ പുത്തൂര്‍വയലിലെ പോലീസ് ക്യാമ്പ് ക്വാര്‍ട്ടേഴ്‌സിലാണ് ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പം താമസിക്കുന്നതെന്നും, മീനങ്ങാടി കാര്യംപാടിയില്‍ പുതിയ വീടിന്റെ നിര്‍മ്മാണം നടക്കുകയാണെന്നും മൊഴിയില്‍ പറയുന്നു.

“ദൊട്ടപ്പകുളത്ത് വെച്ച് പിടിച്ച ഹാന്‍സ് സ്‌റ്റേഷന്റെ പുറത്ത് പഴയ റെസ്റ്റ് റൂമിലാണ് സൂക്ഷിച്ചിരുന്നത്. ജൂലൈ 19ന് നൈറ്റ് ജി.ഡി ഡ്യൂട്ടിയിലായിരുന്ന ഞാന്‍ വാഹനം കഴുകാന്‍ വേണ്ടി സ്‌റ്റേഷന്റെ പിന്നിലേക്ക് മാറ്റിയപ്പോള്‍ റെസ്റ്റ് റൂമിന്റെ മുന്നില്‍ ഏഴ് ചാക്കോളം ഹാന്‍സ് അനാഥമായി കിടക്കുന്നത് കണ്ടു. തുടര്‍ന്ന് ഈ ചാക്കുകള്‍ എന്റെ വാഹനത്തില്‍ കയറ്റി ഡിവൈ.എസ്.പി ഓഫീസിന്റെ പിറകിലെ പഴയ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റി വെക്കുകയാണുണ്ടായത്. ഈ വിവരം സ്‌റ്റേഷനില്‍ ആരോടും പറഞ്ഞിരുന്നില്ല, അത് പറയാന്‍ വിട്ടുപോയതാണ്. തുടര്‍ന്ന് ഹാന്‍സ് മോഷണത്തില്‍ ബത്തേരി സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത വിവരം അറിഞ്ഞു. ആ സമയം മെഡിക്കല്‍ ലീവിലായിരുന്ന ഞാന്‍ ഹാന്‍സോ മറ്റ് പ്രോപ്പര്‍ട്ടിയോ മോഷ്ടിച്ചിട്ടില്ല. കേസ് എടുത്ത വിവരം അറിഞ്ഞതോടെ പേടിച്ച് എറണാകുളത്തേക്ക് ഒളിവില്‍ പോവുകയായിരുന്നു” എന്നാണ് സബിത്ത് പോലീസിന് എഴുതി നല്‍കിയ മൊഴിയില്‍ അവകാശപ്പെടുന്നത്.

എന്നാല്‍, തൊണ്ടിമുതല്‍ സ്വന്തം കാറില്‍ കടത്തിയതും ദിവസങ്ങളോളം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതിരുന്നതും ഒളിവില്‍ പോയതും സബിത്തിന്റെ ആസൂത്രിത മോഷണശ്രമത്തെയും ക്രിമിനല്‍ ഉദ്ദേശ്യത്തെയുമാണ് കാണിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. കടത്തിക്കൊണ്ടുപോയ ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയോ എന്നതില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പ്രതിയെ ബത്തേരിയിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *