കരുനാഗപ്പള്ളിയിലെ പോലീസ് ആക്രമണത്തില്‍ അടിമുടി ദുരൂഹത; അടൂര്‍ എസ്.ഐയോടൊപ്പം മണൽ മാഫിയ തലവനും.
കൊല്ലം: കരുനാഗപ്പള്ളിയില്‍ വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിനുനേരെ ആക്രമത്തില്‍ ദുരൂഹതകളേറുന്നു. അടൂര്‍ എസ്.ഐ ജിനുവിനും സംഘത്തിനും നേരെയാണ് രാത്രിയില്‍ യുവതികളടങ്ങുന്ന സംഘത്തിന്റെ അതിക്രമമുണ്ടായത്. അക്രമത്തില്‍ എസ്.ഐക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍, സംഭവത്തിന്റെ പശ്ചാത്തലവും പോലീസ് സംഘത്തിന്റെ ദുരൂഹ നീക്കങ്ങളും ചൂണ്ടിക്കാട്ടി സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അന്വേഷണം പോലീസുകാര്‍ക്കെതിരെ തിരിയുകയാണ്. സ്റ്റേഷന്‍ അതിര്‍ത്തിയും ജില്ലയും വിട്ട് മറ്റൊരു ജില്ലയിലെത്തി റെയ്ഡ് നടത്തുമ്പോള്‍ പാലിക്കേണ്ട പ്രാഥമിക നിയമനടപടികള്‍ പോലും അടൂര്‍ എസ്.ഐയും സംഘവും പാലിച്ചില്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക കണ്ടെത്തല്‍. മറ്റൊരു ജില്ലയിലെ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പരിശോധനയ്‌ക്കോ അറസ്റ്റിനോ എത്തുമ്പോള്‍ പ്രാദേശിക പോലീസിനെ വിവരമറിയിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ലംഘിക്കപ്പെട്ടു.
ദുരൂഹമായി നില്‍ക്കുന്നത് റെയ്ഡിന് പോയ സംഘത്തിന്റെ ഘടനയാണ്. രാത്രി സമയത്ത് വീടുകളില്‍ പരിശോധന നടത്താന്‍ പോകുമ്പോള്‍ വനിതാ പോലീസിന്റെ സാന്നിധ്യം നിര്‍ബന്ധമാണെന്നിരിക്കെ, ഒരു വനിതാ പോലീസുപോലും സംഘത്തില്‍ ഇല്ലായിരുന്നു. മഫ്തി വസ്ത്രത്തിലെത്തിയ സംഘത്തില്‍ പോലീസുകാരനായ എസ്.ഐ ജിനുവിനൊപ്പം മണ്ണു മാഫിയാ തലവനുമുണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരം.
ശനിയാഴ്ച രാത്രി വൈകി മഫ്തിയിലെത്തിയ അപരിചിതരായ ആളുകള്‍ പെട്ടെന്ന് വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് പോലീസാണെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. മണ്ണു മാഫിയാ തലവനും അപരിചിതരുമായ പുരുഷന്മാരും രാത്രിയില്‍ അതിക്രമിച്ചു കയറിയതോടെ സ്വയംരക്ഷയ്ക്കായി സ്ത്രീകള്‍ തിരിച്ചടിക്കുകയായിരുന്നുയെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചന.
ഇതിനിടയിലാണ് സംഘത്തിലൊരാള്‍ ചുടുകട്ട ഉപയോഗിച്ച് എസ്.ഐ ജിനുവിന്റെ തലയ്ക്കടിച്ചത്. അക്രമത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എസ്.ഐയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി സ്വദേശികളായ റെജിന്‍, രേഷ്മ, രമ്യ, ഹര്‍ഷ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്നതടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
വധശ്രമക്കേസിലെ പ്രതിയായ ജെറിനെ പിടികൂടാനാണ് ഡിവൈ.എസ്.പി സ്‌ക്വാഡ് എത്തിയതെന്ന വാദം പോലീസ് ഉയര്‍ത്തുമ്പോഴും, ഒപ്പമുണ്ടായിരുന്ന മണ്ണു മാഫിയാ ബന്ധം കേസിലെ വലിയ ദുരൂഹതയായി തുടരുന്നു. പോലീസിന്റെ ഔദ്യോഗിക സംവിധാനങ്ങളെയും വാഹനങ്ങളെയും മണ്ണു മാഫിയ സംഘം സ്വന്തം ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തതാണോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
നാട്ടുകാരും വീട്ടുകാരും പോലീസിനെ ആക്രമിച്ച സംഭവത്തില്‍ തുടക്കത്തില്‍ പ്രതികള്‍ക്കെതിരെ കടുത്ത നടപടിയുമായി പോലീസ് മുന്നോട്ടുപോയെങ്കിലും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ രഹസ്യ അന്വേഷണ റിപ്പോര്‍ട്ട് കാര്യങ്ങള്‍ ആകെ മാറ്റിമറിച്ചു. എസ്.ഐ ജിനുവിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകളും നിയമലംഘനങ്ങളും റിപ്പോര്‍ട്ടില്‍ നിരത്തിയിട്ടുണ്ട്.
ജില്ല മാറി വന്നിട്ടും പ്രാദേശിക പോലീസിനെ അറിയിക്കാതിരുന്നതും, രാത്രി പരിശോധനയ്ക്ക് വനിതാ പോലീസിനെ കൊണ്ടുപോകാതിരുന്നതും സംശയനിഴലിലുള്ള വ്യക്തികളെ കൂടെക്കൂട്ടിയതും വലിയ ചട്ടലംഘനമായാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കാണുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണോ ഈ മിന്നല്‍ പരിശോധന നടന്നതെന്ന കാര്യവും പരിശോധിച്ച് വരികയാണ്. പോലീസ് സേനയ്ക്ക് ആകെ അപമാനമുണ്ടാക്കുന്ന രീതിയിലാണ് ഉദ്യോഗസ്ഥന്‍ പെരുമാറിയതെന്ന വിലയിരുത്തലിലാണ് ഉന്നത പോലീസ് അധികാരികള്‍. സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ എസ്.ഐ ജിനുവിനെതിരെ വകുപ്പുതല അന്വേഷണത്തിനും കടുത്ത അച്ചടക്ക നടപടിക്കും വഴിയൊരുങ്ങിയിട്ടുണ്ട്.
യഥാര്‍ത്ഥത്തില്‍ വധശ്രമക്കേസ് പ്രതിയെ പിടികൂടാനാണോ അതോ മണ്ണു മാഫിയയുടെ സമാന്തര ക്വട്ടേഷന്‍ നടപ്പിലാക്കാനാണോ പോലീസ് സംഘം കരുനാഗപ്പള്ളിയിലെത്തിയത് എന്ന കാര്യം വരുംദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.
