ലഹരിക്കെതിരെ താളബോധവുമായി പോലീസിനൊപ്പം  വിദ്യാർത്ഥികളും

0
SPC AL
ആലപ്പുഴ: ലഹരിമുക്ത സമൂഹമെന്ന സന്ദേശവുമായി മാവേലിക്കര ജനമൈത്രി പോലീസും ബിഷപ്പ് ഹോഡ്ജസ്  ഹൈസ്കൂളിലെ എസ്.പി.സി കേഡറ്റുകളും സംയുക്തമായി സംഘടിപ്പിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ഫ്‌ളാഷ് മോബ് ജനശ്രദ്ധയാകർഷിച്ചു. കേരള പോലീസിന്റെ ലഹരിവിരുദ്ധ കാമ്പയിനായ ‘ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഫ്‌ളാഷ് മോബിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട മാവേലിക്കര എം.എൽ.എ, എം. എസ്. അരുൺ കുമാർ നിർവ്വഹിച്ചു. യുവതലമുറയെ ലഹരിയുടെ വിപത്തുകളിൽ നിന്ന് സംരക്ഷിക്കാൻ പോലീസും വിദ്യാർത്ഥികളും കൈകോർക്കുന്ന ഇത്തരത്തിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
യാത്രക്കാരും പൊതുജനങ്ങളും നിറഞ്ഞ ബസ് സ്റ്റാൻഡ് പരിസരത്ത്, ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പാട്ടുകൾക്കൊപ്പം ബിഷപ്പ് ഹോഡ്ജസ്  സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ചടുലമായ ചുവടുകളോടെ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. ആകസ്മികമായി തുടങ്ങിയ നൃത്തച്ചുവടുകൾ ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന നൂറുകണക്കിന് ആളുകളെ ആകർഷിച്ചു. തുടർന്ന് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും, അതിനെതിരെ സമൂഹം ഒന്നടങ്കം ഉണർന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാവേലിക്കര മുനിസിപ്പൽ ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ് ,മാവേലിക്കര പോലീസ് സ്റ്റേഷൻ SHO സനൂജ്, സബ് ഇൻസ്പെക്ടർ സിയാദ് എന്നിവർ  പൊതുജനങ്ങൾക്ക് വിശദീകരിച്ചു നൽകി.
മാവേലിക്കര പോലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥർ, BH സ്‌കൂളിലെ പ്രഥമ അധ്യാപിക ശോശാമ്മ ജോഷ്വാ  , സീനിയർ അസിസ്‌റ്റൻ്റ്   ഐസ്ക് മാത്യൂ സ്കൂളിലെ അധ്യാപകർ, എസ്.പി.സി കമ്യൂണിറ്റി ഓഫീസർമാരായ ബെറ്റി തോമസ്, സാം ജോസഫ്  ഡ്രിൽ ഇൻസ്ട്രക്ർമാരായ ബിന്ദു ,അനൂപ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്ത കേഡറ്റുകളെയും പോലീസിനെയും പൊതുജനങ്ങൾ അഭിനന്ദിച്ചു.
Spread the love

Leave a Reply

Your email address will not be published. Required fields are marked *