സിജെപി പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് മുംബൈ പൊലീസ്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രഖ്യാപിച്ച ഒക്ടോബർ രണ്ടിലെ പ്രതിഷേധത്തിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു. ശിവാജി പാർക്ക് മൈതാനത്ത് നടത്താൻ നിശ്ചയിച്ചിരുന്ന സമരത്തിനാണ് പൊലീസ് അനുമതി നിഷേധിച്ചത്. അനുമതി കിട്ടാത്ത സാഹചര്യത്തിൽ ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ വ്യക്തമാക്കി.
കായിക ആവശ്യങ്ങൾക്ക് അല്ലാത്ത കാര്യങ്ങൾക്ക് ശിവാജി പാർക്ക് ഉപയോഗിക്കുന്നത് വിലക്കിയുള്ള 2013ലെ ബോംബെ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് പൊലീസ് അനുമതി നിഷേധിച്ചത്. കൂടാതെ മൈതാനം ഉപയോഗിക്കുന്നതിന് ബിഎംസിയുടെ മുൻകൂർ അനുമതി സംഘാടകർ വാങ്ങിയിരുന്നില്ലെന്നും പൊലീസ് പറയുന്നു. ജനവാസ മേഖല ആയതിനാൽ പ്രതിഷേധം ഗതാഗത കുരുക്കിനും കാരണമാകുമെന്നും പൊലീസ് വിശദീകരിക്കുന്നു.
മുംബൈ പൊലീസ് അനുമതി നിഷേധിച്ചതിനെ ശക്തമായ ഭാഷയിൽ അഭിജിത് ദിപ്കെ വിമർശിച്ചു. പൗരന്മാരുടെ ശബ്ദം അടിച്ചമർത്താനുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം കുറിച്ചു.
ശിവാജി പാർക്ക് പൊലീസ് സ്റ്റേഷനെ സമീപിച്ച് മൈതാനത്ത് പ്രതിഷേധം നടത്താനുള്ള അനുമതി തേടിയെങ്കിലും അധികൃതർ അത് തള്ളി. പൊലീസിന്റെ രേഖാമൂലമുള്ള അനുമതി നിഷേധ നോട്ടീസ് തങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും അഭിജിത്. എന്തുവന്നാലും ഒക്ടോബർ രണ്ടിന് പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ആവശ്യമെങ്കിൽ ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
