ട്രെയിനി വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ അറസ്റ്റിൽ

0
SUBHASH

കൊല്ലം : കരുനാഗപ്പള്ളിയില്‍ ദ്രോണ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനിയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്ഥാപന ഉടമയും മുൻ സൈനിക ഉദ്യോഗസ്ഥനുമായ കല്ലേലിഭാഗം കോട്ടവീട്ടില്‍ കിഴക്കതില്‍ രവീന്ദ്രന്റെ മകന്‍ സുഭാഷ് (45) അറസ്റ്റില്‍.

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞ് പരീക്ഷയെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന വിദ്യാര്‍ഥിനിയെ പ്രതി തന്റെ ഓഫീസ് മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് നോട്ട്‌സിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ പെട്ടെന്ന് കുട്ടിയെ ശരീരത്തോട് ചേര്‍ത്ത് പിടിക്കുകയും കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തു.

“എന്തിനാണ് പേടിക്കുന്നത്, നിന്നെ ഒന്നും ചെയ്യില്ല. എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാല്‍ മതി’ എന്ന് പറഞ്ഞുകൊണ്ട് സുഭാഷ് വിദ്യാര്‍ഥിനിയെ വീണ്ടും ചേര്‍ത്തുപിടിക്കുകയും ശരീരത്തില്‍ പിടിച്ച് വേദനിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് കടുത്ത മാനഹാനിയും മനോവിഷമവും നേരിട്ട പെൺകുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ 126(2), 74 എന്നീ വകുപ്പുകള്‍ പ്രകാരം കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ റിമാന്റ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *