നാരായണമുദ്ര കഥകളി പുരസ്‌കാരം നെടുമ്പിള്ളി രാംമോഹന്

0
NARAYANA

കൂവപ്പടി ജി ഹരികുമാർ

തൃശ്ശൂർ: കഥകളി കലാരംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തി തൃശ്ശൂർ കഥകളി ക്ലബ്ബ് ഏർപ്പെടുത്തിയ ഈ വർഷത്തെ ‘നാരായണമുദ്ര’ യുവകഥകളി പുരസ്കരാത്തിന് പ്രമുഖ യുവ കഥകളി സംഗീതജ്ഞൻ നെടുമ്പിള്ളി രാംമോഹൻ അർഹനായി. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ആഗസ്റ്റ് 9-ന് നടക്കുന്ന പ്രതിമാസ കഥകളിയോഗത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തൃശ്ശൂർ കഥകളി ക്ലബ്ബിന്റെ പ്രാരംഭകാലം മുതൽ സജീവ സാന്നിധ്യമായിരുന്ന അഡ്വ. സി.കെ. നാരായണൻ നമ്പൂതിരിപ്പാടിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് പ്രശസ്തമായ നെടുമ്പിള്ളി മനയിൽ ജനിച്ച രാംമോഹൻ, കഥകളി സംഗീത രംഗത്തെ ഇന്നത്തെ മുൻനിര ശബ്ദങ്ങളിൽ ഒരാളാണ്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന അദ്ദേഹത്തിന്റെ പിതാവ് നെടുമ്പിള്ളി നാരായണൻ നമ്പൂതിരി ഒരു കഥകളി സംഗീതജ്ഞനും മാതാവ് ലീലാ അന്തർജനം സംഗീത-തിരുവാതിരക്കളി കലാകാരിയുമാണ്. ചെറുപ്പം മുതൽ തന്നെ കഥകളിയോട് ആഭിമുഖ്യം പുലർത്തിയ അദ്ദേഹം, കലാമണ്ഡലം സോമൻ, തന്റെ പിതാവായ നെടുമ്പിള്ളി നാരായണൻ നമ്പൂതിരി, കലാമണ്ഡലം ശ്രീകുമാർ എന്നിവരുടെ കീഴിൽ കഥകളി സംഗീതത്തിലും, കുറുശ്ശാത്തമണ്ണ കൃഷ്ണൻ നമ്പൂതിരിയുടെ കീഴിൽ ശാസ്ത്രീയ സംഗീതത്തിലും പരിശീലനം നേടിയിട്ടുണ്ട്. കൂടാതെ തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് കർണാടക സംഗീതത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ കലാജീവിതത്തിലൂടെ കഥകളി പദങ്ങളുടെ തനിമ ചോരാതെ അവതരിപ്പിക്കുന്നതിലും, ക്ലാസ്സിക്കൽ രാഗങ്ങളുടെ ശുദ്ധി നിലനിർത്തുന്നതിലും അദ്ദേഹം പ്രാവണ്യം തെളിയിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത സംഭാവനകളിലൂടെ കഥകളി സംഗീത ലോകത്ത് സജീവമായി നിറഞ്ഞുനിൽക്കുന്ന അദ്ദേഹത്തിന് ലഭിക്കുന്ന അർഹമായ അംഗീകാരമാണിത്. പാലക്കാട് ജില്ലയിലെ കുണ്ടൂർകുന്ന് ടി.എസ്.എൻ.എം. ഹയർസെക്കന്ററി സ്‌കൂളിലെ ഗണിതവിഭാഗം അധ്യാപകനാണ്. ഭാര്യ: സംഗീതഞ്ജ മീര രാംമോഹൻ. നിരഞ്ജനും നവരാഗും ആണ് മക്കൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *