ഐ എ എം ഇ ഗ്ലോബൽ ലോഞ്ചും വിദ്യാഭ്യാസ നേതൃസംഗമവും നവംബർ 14-ന് ഷാർജ എക്സ്പോയിൽ
ഷാർജ : 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ഐ എ എം ഇ വിദ്യാഭ്യാസ നേതൃസംഗമവും എഡുഫൈ പബ്ലിക്കേഷൻസിന്റെ ഗ്ലോബൽ ലോഞ്ചും സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജുക്കേഷന്റെ ആഭിമുഖ്യത്തിൽ നവംബർ 14 ശനിയാഴ്ച വൈകിട്ട് ആറ് മുതൽ ഷാർജ എക്സ്പോ സെന്ററിലെ പുസ്തകമേളയുടെ പ്രധാന വേദിയായ ബാൾറൂമിലാണ് പരിപാടി നടക്കുന്നത്. സിറാജ് ദിനപത്രത്തിന്റെ സഹകരണത്തോടെയാണ് പരിപാടി ഒരുക്കുന്നത്.
‘അടുത്ത തലമുറകൾക്കായുള്ള വിദ്യാഭ്യാസ ദർശനം പങ്കുവെക്കൽ’ എന്ന പ്രമേയത്തിൽ നടക്കുന്ന സംഗമത്തിൽ ആഗോള വിദ്യാഭ്യാസ വിചക്ഷണർ, അറബ് പ്രമുഖർ, യു എ ഇയിലെ വിവിധ വിദ്യാലയങ്ങളിലെ മേധാവികൾ, സാമൂഹ്യ, സാംസ്കാരിക, അക്കാദമിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ആഗോള അക്കാദമിക രംഗത്തെ പുതിയ സാധ്യതകൾ, വിദ്യാഭ്യാസ നേതൃത്വത്തിന്റെ ഭാവി, അടുത്ത തലമുറയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആവശ്യമായ കാഴ്ചപ്പാടുകൾ, നൂതന വിദ്യാഭ്യാസ രീതികൾ എന്നിവ ചർച്ചയുടെ ഭാഗമാകും. വിദ്യാഭ്യാസ മേഖലയിലെ കൂട്ടായ പ്രവർത്തനങ്ങൾക്കും സഹകരണത്തിനും പുതിയ വേദിയൊരുക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യം. ഷാർജ ഭരണാധികാരിയുടെ വിദ്യാഭ്യാസ ദർശനത്തിൽ നിന്നുള്ള ഉൾക്കാഴ്ച്ചകളുടെ പ്രകാശനമായും പരിപാടി മാറും.
