കഷ്ടപ്പാടുകളെ തോൽപ്പിച്ച വിജയവുമായി കൂവപ്പടിയിലെ ബാലാമണി

കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ പ്രതിഭാപുരസ്കാരവുമായി ബാലാമണി, ബാലാമണിയുടെ ഒരു പെൻസിൽ സ്കെച്ച്
കൊച്ചി/ പെരുമ്പാവൂർ: കഷ്ടപ്പാടുകളെയും ജീവിതസാഹചര്യങ്ങളെയും തോൽപ്പിച്ച് സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ബാലാമണി നാടിന് അഭിമാനമാകുന്നു. 96.8 ശതമാനം മാർക്കോടെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഈ മിടുക്കി, പഠനമികവിനുള്ള കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ ‘പ്രതിഭാ പുരസ്കാര’ത്തിനർഹയായി. പെരുമ്പാവൂർ എം.എൽ.എ മനോജ് മൂത്തേടനിൽ നിന്നാണ് ബാലാമണി പുരസ്കാരം ഏറ്റുവാങ്ങിയത്. കൂവപ്പടി ആലപ്പാട്ട് എ.വി. കൃഷ്ണകുമാറിന്റെയും എം.ജി. ഉമാദേവിയുടെയും ഏകമകളാണ് ബാലാമണി. പെരുമ്പാവൂർ ലക്കി തിയേറ്റർ എസ്.ബി.ഐയ്ക്കു സമീപം ഓട്ടോറിക്ഷ ഓടിക്കുന്ന അച്ഛൻ കൃഷ്ണകുമാറിന്റെ വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും, എൽ.കെ.ജി മുതൽ മികച്ച പഠനനിലവാരം പുലർത്താൻ അവൾക്കായി.
അയ്മുറി സെയിന്റ് ആൻസ് സീനിയർ സെക്കൻഡറി പബ്ലിക് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണിപ്പോൾ. പഠനത്തിൽ മാത്രമല്ല, കലാരംഗത്തും ഈ മിടുക്കി തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മികച്ച ഒരു ചിത്രകാരി കൂടിയായ ബാലാമണിക്ക് പെൻസിൽ ഡ്രോയിംഗിനോടാണ് കൂടുതൽ താല്പര്യം. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലുമായി ഇതുവരെ കരസ്ഥമാക്കിയ മെഡലുകളും മെമന്റോകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവരുടെ കൊച്ചുവീട്ടിലെ സ്വീകരണമുറിയിലെ അലമാര. പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം മെഡിക്കൽ പ്രവേശന പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ നടത്താനാണ് ബാലാമണിയുടെ തീരുമാനം. ഇല്ലായ്മകളെ പുഞ്ചിരിയോടെ നേരിട്ട് ഡോക്ടർ എന്ന വലിയ സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ് ഈകുട്ടി.
