പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം നാല് പേര്‍ പിടിയില്‍

0
RAPE NO

ന്യൂഡല്‍ഹി: പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്തവരടക്കം നാല് പേര്‍ പിടിയില്‍. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ഖഡ്ഡ കോളനി സ്വദേശിയായ ശിവം, പതിനാറും പതിനേഴും വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരാണ് പിടിയിലായിരിക്കുന്നത്. ഈ മാസം 13-ന് മധ്യ ഡല്‍ഹിയിലെ കുഷക് റോഡിലുള്ള ജയ്പാല്‍ റാണ എന്നയാളുടെ കൃഷിയിടത്തിന് സമീപമാണ് പെണ്‍കുട്ടിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊലപ്പെടുത്തുകയും, മൃതദേഹം തുറസ്സായ സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചിരുന്നതായും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയും പ്രതികളും തമ്മില്‍ മുന്‍പരിചയമുണ്ടായിരുന്നുവെന്നും പെണ്‍കുട്ടിക്കൊപ്പം ഒരു ടെമ്പോയില്‍ പ്രതികള്‍ യാത്ര ചെയ്യുകയായിരുന്നുവെന്നും ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു. അതേസമയം ദിവസങ്ങളോളം പെണ്‍കുട്ടിയെ കാണാതായിട്ടും കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. പെണ്‍കുട്ടി വീട്ടില്‍ ഇടയ്ക്കിടെ ആണ് വരാറുള്ളുവെന്നാണ് കുടുംബം പൊലീസിനോട് പറഞ്ഞത്.

ബി.എന്‍.എസ്, പോക്‌സോ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിന് ദൃക്സാക്ഷികളില്ലാത്തതിനാല്‍ പ്രദേശത്തെ 50ലധികം സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. കൃത്യം നടന്ന ടെമ്പോയും കണ്ടെത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് കത്തികള്‍, പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്നിവയും വാഹനത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *