രണ്ട് ദിവസത്തെ ആര്‍ത്തവ അവധി നല്‍കണം : വനിതാ കണ്ടക്ടര്‍മാര്‍ ഹൈക്കോടതിയില്‍

കൊച്ചി: രണ്ട് ദിവസം ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ വനിത കണ്ടക്ടര്‍മാര്‍ നല്‍കിയ നിവേദനത്തില്‍ സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. വനിത കണ്ടക്ടര്‍മാര്‍ക്ക് അനുയോജ്യമായ രീതിയിലുള്ള ആര്‍ത്തവ അവധി നയത്തിന് സര്‍ക്കാര്‍ രൂപം നല്‍കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ആര്‍ത്തവ അവധി ജീവനക്കാരുടെ ക്ഷേമം വര്‍ധിപ്പിക്കും. തീവ്രമായ ആര്‍ത്തവ പ്രശ്നങ്ങള്‍ ആരോഗ്യത്തേയും ജോലിയേയുമൊക്കെ ബാധിക്കുന്നതാണ്. ഏറെ നേരം നില്‍ക്കുകയും തുടര്‍ച്ചയായി ചലിക്കുകയുമൊക്കെ വേണ്ടതാണ് കണ്ടക്ടര്‍മാരുടെ ജോലി. വൃത്തിയുള്ള വിശ്രമ സൗകര്യമടക്കം പരിമിതമാണ്.
ഹര്‍ജിക്കാരെയും കെഎസ്ആര്‍ടിസിയേയും കേട്ട് തീരുമാനമെടുക്കാന്‍ ജസ്റ്റിസ് വിജു എബ്രഹാം പറഞ്ഞു. വനിത കണ്ടക്ടര്‍മാരായ എസ് എസ് ആശ, എസ് ശ്രീന, എം സജല തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും നീതിയുക്തവും മാനുഷികവുമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതിനും പിന്തുണയേകുന്ന ഇന്ത്യന്‍ ഭരണഘടനയിലെ വ്യവസ്ഥകളുമായി ഒത്തുപോകുന്നതാണ് ആര്‍ത്തവ അവധി എന്നും കോടതി പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ 3000ത്തോളം വനിത ജീവനക്കാരാണുള്ളത്. കര്‍ണാടകയില്‍ മാസത്തില്‍ ഒരു ദിവസം ആര്‍ത്തവ അവധി അനുവദിച്ചതും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചു. കേരളത്തില്‍ കേരളത്തില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കും ആര്‍ത്തവ അവധി അനുവദിച്ചിട്ടുണ്ടെന്നും വാദിച്ചു.
