ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി എജുക്കേഷണൽ സംഘം അധ്യാപക ദിനം ആഘോഷിച്ചു
ദമാം:അധ്യാപക ദിനത്തോടനുബന്ധിച്ച് കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി എജുക്കേഷണൽ വിങ്ങിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം ആഘോഷിച്ചു. ലോകത്തിലെ ഏറ്റവും മഹത്ത്വരമായ ജോലികളിലൊന്നാണ് അധ്യാപനം. കേവലം പുസ്തകങ്ങൾ പഠിപ്പിക്കുന്നതിനപ്പുറം നമ്മുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിലും, സ്വഭാവ രൂപീകരണത്തിലും വിദ്യാർത്ഥികളിൽ അന്തർലീനമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിലുമെല്ലാം അവർ നൽകിക്കൊണ്ടിരിക്കുന്ന പങ്ക് നിസ്തുലമാണ്. സാങ്കേതിക വിദ്യ എത്ര ദ്രുതഗതിയിൽ മുന്നേറിയാലും അധ്യാപകരുടെ പ്രസക്തി സമൂഹത്തിൽ നില നിൽക്കും.
ഇന്ത്യയുടെ പ്രഥമ ഉപരാഷ്ട്രപതീയും രണ്ടാം രാഷ്ട്രാപ്തിയുമായ ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണൻന്റെ ജന്മദിനമായ സെപ്റ്റംബർ 5 നു അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. ഒരു ഇന്ത്യൻ അക്കാദമിഷ്യനും തത്വചിന്തകനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു ഡോക്ടർ രാധാകൃഷ്ണൻ. 1952 മുതൽ 1962 വരെ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായും 1962 മുതൽ 1967 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1949 മുതൽ 1952 വരെ സോവിയറ്റ് യൂണിയനിലേക്കുള്ള ഇന്ത്യയുടെ അംബാസഡറായും അദ്ദേഹം പ്രവർത്തിച്ചു. കൂടാതെ, 1939 മുതൽ 1948 വരെ ബനാറസ് ഹിന്ദു സർവകലാശാലയുടെയും 1931 മുതൽ 1936 വരെ ആന്ധ്ര സർവകലാശാലയുടെയും വൈസ് ചാൻസലറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
താരതമ്യ മതപഠനത്തിലും തത്വശാസ്ത്രത്തിലും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ളതും പ്രമുഖരുമായ പണ്ഡിതന്മാരിൽ ഒരാളായി രാധാകൃഷ്ണൻ കണക്കാക്കപ്പെടുന്നു. ബർക്ക ബ്രില്ലിയൻറ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ സൽമ ഷറഫുദ്ദിൻ അധ്യാപക ദിന സന്ദേശം നൽകി, കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. ഈസ്റ്റേൺ പ്രൊവിൻസ് ആക്ടിങ് ജനറൽ സെക്രട്ടറി ഒ.പി. ഹബീബ്, കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ എന്നിവർ ആശംസകൾ നൽകി സംസാരിച്ചു, ഈസ്റ്റേൺ പ്രൊവിൻസ് ഉപാധ്യക്ഷൻ കാദർ മാസ്റ്റർ വാണിയമ്പലം സ്വാഗതം പറഞ്ഞു, അബ്ദുൽ മജീദ് കൊടുവള്ളി ഡിബേറ്റിനു നേതൃത്വം നൽകി.
