എന്റെ ഫ്രണ്ടിനെ കാണും : മോദി – ട്രംപ് കൂടിക്കാഴ്ച ജൂണ്‍ 17ന്

0
MODI TRUMP

 

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന ജി7ഉച്ചകോടിക്കിടെ ജൂണ്‍ പതിനേഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് ഇന്ന് അറിയിച്ചു. 2025 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപിനെ സന്ദര്‍ശിച്ച ശേഷം ഇരുനേതാക്കളും തമ്മില്‍ നേരിട്ട് നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരം ജൂണ്‍ 16-17 തീയതികളില്‍ പ്രധാനമന്ത്രി മോദി ജി7 ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിക്കിടെ അദ്ദേഹം ജി7 നേതാക്കള്‍, പങ്കാളിത്ത രാജ്യങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവരുമായി ആഗോള പങ്കാളിത്തം, സുസ്ഥിര സാമ്പത്തിക വളര്‍ച്ച, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സുരക്ഷിതമായ വിന്യാസം എന്നിവയുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒമാൻ തീരത്തുവെച്ച് യു.എസ്. ആക്രമണത്തിൽ തീപിടിച്ച ഒരു ചരക്കുകപ്പലിൽനിന്ന് മൂന്ന് ഇന്ത്യൻ നാവികരെ കാണാതായിരുന്നു. ഇവർ മൂന്ന് പേരും മരിച്ചതായി പിന്നീട് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ മറ്റൊരു കപ്പലിനുനേരെയും ആക്രമണം നടത്തിയിരുന്നു. ഒമാൻ തീരത്തിന് സമീപം വാണിജ്യ കപ്പലുകൾക്കു നേരെയുണ്ടായ തുടർച്ചയായ ആക്രമണങ്ങളിൽ പ്രതിഷേധം അറിയിക്കാൻ യുഎസ് പ്രതിനിധിയെ വിളിച്ചു വരുത്തിയിരുന്നു. തുടരെത്തുടരെ ഉണ്ടാകുന്ന ആക്രമങ്ങളെത്തുടർന്ന് രണ്ട് തവണയാണ് യുഎസ് പ്രതിനിധിയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചത്.

ജി7 ഉച്ചകോടിക്കിടെ ഹോര്‍മുസ് കടലിടുക്കിലെ ലാന്‍ഡ്മൈനുകള്‍ നീക്കം ചെയ്യുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ട്രംപ് സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു. ഇറാനുമായി സമാധാന ഉടമ്പടി ഒപ്പിടുമെന്നും ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. തങ്ങള്‍ ഇറാനുമായി സമാധാന ഉടമ്പടിയിലെത്തി, ഉടമ്പടി ഒപ്പിടുന്ന ദിവസം തന്നെ ഹോര്‍മുസ് തുറക്കും. ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ സമാധാന ഉടമ്പടിയില്‍ ഈയാഴ്ച തന്നെ ഒപ്പിട്ടേക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരെയുള്ള ആക്രമണത്തില്‍ നിന്ന് പിന്മാറുന്നെന്നും അവസാനഘട്ട നിബന്ധനകള്‍ ഇറാന്‍ അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *