കെ സിയെ മുഖ്യമന്ത്രിയാക്കണം കര്‍ണാടക വഴി ലീഗിന് മേൽ സമ്മര്‍ദ്ദം : പാണക്കാട്ടെത്തി ന്യൂനപക്ഷ ക്ഷേമ മന്ത്രി

0
KCCR

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശനെ പിന്തുണയ്ക്കുന്ന മുസ്ലീംലീഗിന് മേല്‍ കര്‍ണാടക വഴി സമ്മര്‍ദ്ദം ചെലുത്തിയതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നതിന് മുസ്ലീം ലീഗിനെ അനുനയിപ്പിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വഴി ഓപ്പറേഷന്‍ നടത്തിയതായാണ് വിവരം. സിദ്ധരാമയ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് കെ സി വേണുഗോപാല്‍.

ലീഗിനെ അനുനയിപ്പിച്ച് കെ സി വേണുഗോപാലിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിന് കര്‍ണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ പാണക്കാട് നേരിട്ടെത്തി ലീഗ് നേതൃത്വവുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചാല്‍ കര്‍ണാടക നിയമസഭയില്‍ ലീഗിന് പ്രാതിനിധ്യം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. കർണാടക നിയമസഭയിൽ ബം​ഗളൂരു കെഎംസിസിയുടെ നേതൃപദവിയിൽ നിന്നൊരാളെ എംഎൽസിയാക്കാമെന്നാണ് വാഗ്ദാനം.

തുടക്കം മുതല്‍ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നതാണ് ലീഗിന്റെ ആവശ്യം. ലീഗിന്റെ പിന്തുണ തനിക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് വി ഡി സതീശന്‍. യുഡിഎഫ് ഘടകകക്ഷികളില്‍ രണ്ടാം സ്ഥാനത്തുള്ള ലീഗിന്റെ പിന്തുണ തനിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ സഹായകമാകുമെന്നാണ് സതീശന്‍ കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് ലീഗിനെ തനിക്കൊപ്പം നിര്‍ത്താന്‍ സിദ്ധരാമയ്യ വഴി കെ സി വേണുഗോപാല്‍ ഓപ്പറേഷന്‍ നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

അതിനിടെ കേരളത്തിലെ മുഖ്യമന്ത്രി ആര് എന്ന വിഷയത്തില്‍ ദിവസങ്ങളായി അനിശ്ചിതത്വം തുടരുമ്പോഴും അന്തിമഘട്ട ചര്‍ച്ചകളിലും കെ സി വേണുഗോപാല്‍ തന്നെയാണ് മുന്നിലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പദവി ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡ് അന്തിമ ഘട്ടത്തിലേക്ക് നീക്കി കെപിസിസി മുന്‍ അധ്യക്ഷന്മാരേയും വര്‍ക്കിങ് പ്രസിഡന്റുമാരേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെ മുരളീധരന്‍, വി എം സുധീരന്‍, കെ സുധാകരന്‍, മുല്ലപ്പളളി രാമചന്ദ്രന്‍, എം എം ഹസന്‍ എന്നി കെപിസിസി മുന്‍ അധ്യക്ഷന്മാര്‍ അടക്കം ഒട്ടനവധി നേതാക്കളെയാണ് അഭിപ്രായം തേടി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. എങ്കിലും ഒടുവില്‍ കെ സി വേണുഗോപാല്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *