അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു

കൊച്ചി: ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും തൃക്കാക്കര മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായിരുന്ന അഖില്‍ മാരാര്‍. കൊട്ടാരക്കര സീറ്റ് ഉറപ്പ് നല്കി ട്വന്റി 20ല്‍ എത്തിച്ച സാബു ജേക്കബ് തന്നെ ചതിച്ചതായി അഖില്‍ മാരാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നോമിനേഷന്റെ അന്നാണ് സാബു ജേക്കബ് എന്ന മനുഷ്യന് തൃക്കാക്കരയില്‍ വന്നത്. അല്ലാതെ തൃക്കാക്കരയില്‍ തിരിഞ്ഞുനോക്കിയിട്ടില്ല. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇല്ലാത്ത ഒരേ ഒരു മണ്ഡലം തൃക്കാക്കര ആയിരുന്നുവെന്നും അഖില്‍ മാരാര്‍ കുറ്റപ്പെടുത്തി. ട്വന്റി 20 പാര്‍ട്ടി വിട്ട ശേഷം പ്രതികരിക്കുകയായിരുന്നു അഖില്‍ മാരാര്‍.
തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയപ്പോള്‍ തന്നെ ട്വിന്റി 20ക്ക് വോട്ട് ചെയ്തവര്‍ അകന്നുപോയെന്ന് മനസിലായി. പ്രചാരണത്തിനായി ട്വിന്റി 20ല്‍ നിന്ന് രണ്ടുപേര്‍ മാത്രമാണ് മുഴുവന്‍ സമയവും എന്റെ ഒപ്പം ഉണ്ടായിരുന്നത്. കൊട്ടാരക്കരയില്‍ നിന്നും എന്നെ ഇഷ്ടപ്പെടുന്ന മറ്റു പ്രദേശങ്ങളില്‍ നിന്നും ഉള്ളവരെ ഇവിടെ എത്തിച്ചാണ് പ്രചാരണം നടത്തിയത്. അവര്‍ക്ക് മുറിയെടുത്ത്് കൊടുത്തു താമസിപ്പിച്ചു. 20 ലക്ഷം രൂപ കൊടുത്ത് ഞാന്‍ ആശിച്ച് വാങ്ങിയ ബിഎംഡബ്ല്യൂ ബൈക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഞാന്‍ വിറ്റു. അതിന് ശേഷം ഇക്കാര്യം അദ്ദേഹവുമായി കമ്മ്യൂണിക്കേറ്റ് ചെയ്ത ശേഷമാണ് ചെലവാക്കിയ പണം പോലും തിരികെ നല്കാന് അവര്‍ തയ്യാറായത്’- അഖില്‍ മാരാര്‍ പറഞ്ഞു.
തൃക്കാക്കര മത്സരിക്കണമെന്നത് ഞാന്‍ എവിടെയും പറഞ്ഞിട്ടുള്ള കാര്യമല്ല. കൊട്ടാരക്കരയില്‍ സ്വതന്ത്രനായി മത്സരിക്കണമെന്ന ആഗ്രഹവുമായി നിന്ന സമയത്ത് എന്‍ഡിഎയുടെ പല ടീമുകള്‍ എന്നെ ബന്ധപ്പെട്ടു. സാമ്പത്തിക ഓഫറുകള്‍ നല്കി. ഹം എന്ന എന്‍ഡിഎയുടെ കക്ഷി എന്നെ ബന്ധപ്പെട്ടു. അവരെയൊക്കെ ഞാന്‍ പുച്ഛിച്ച് തള്ളിക്കളഞ്ഞതാണ്. സ്വതന്ത്രനായി മത്സരിക്കാന്‍ ഞാന്‍ തീരുമാനിച്ചപ്പോള്‍ ഇതേ സ്വതന്ത്രന്റെ സ്വാതന്ത്ര്യത്തോടെ മത്സരിക്കാന്‍ കഴിയുന്ന ഒരു ഇടമാണ് ട്വിന്റി 20ല്‍ ഉള്ളത് എന്ന് പറഞ്ഞാണ് ഇവര്‍ എന്നെ സമീപിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ ബിജെപിക്ക് 40,000 വോട്ട് കിട്ടിയതാണ്. നിയമസഭയില്‍ അത് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അവിടെ എനിക്ക് നിരവധിപ്പേരുമായി വ്യക്തിപരമായ ബന്ധമുണ്ട്. ഞാന്‍ ഒരുപാട് വര്‍ഷം അവിടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ബിജെപി വോട്ട് കൂടാതെ ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് പിടിക്കാന്‍ കഴിയുന്ന വോട്ടുകള്‍ അവിടെ ഉണ്ടായിരുന്നു. കൊടിക്കുന്നില്‍ സുരേഷുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ വിള്ളലുകളില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയുന്ന വോട്ടുകള്‍ , അങ്ങനെ വലിയൊരു സാധ്യത മുന്നില്‍ കണ്ടാണ് ട്വിന്റി 20ലേക്ക് പോകാന്‍ തയ്യാറായത്. എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത തീരുമാനത്തില്‍ ഏറ്റവും പാളി പോയ തീരുമാനമായിരുന്നു അത്. അത് എന്റെ കുഴപ്പം കൊണ്ടായിരുന്നില്ല.സാബു ജേക്കബ് ചതിച്ചത് കൊണ്ടാണ്- അഖില്‍ മാരാര്‍ തുടര്‍ന്നു.
