ഷാർജ പുസ്തകോത്സവം: പുനരുപയോഗ ഊർജ്ജവും പുനരുപയോഗ രീതികളും പഠിച്ച് കുരുന്നുകൾ
ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ (SIBF 2026) പരിസ്ഥിതി സൗഹൃദ പാഠങ്ങളും പുനരുപയോഗ ഊർജ്ജ ആശയങ്ങളും പങ്കുവെച്ച് കുട്ടികളുടെ കൂട്ടായ്മ. ‘ഡിസ്കവറി ഡിസ്ട്രിക്റ്റിൽ’ സംഘടിപ്പിച്ച ‘കാർഡ്ബ്രിക്സ് കാറ്റാടിയന്ത്ര വീട്’ (Cardbriks Windmill House) വർക്ക്ഷോപ്പിലാണ് 8 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾ പങ്കെടുത്തത്. റീസൈക്കിൾ ചെയ്ത കാർഡ്ബോർഡ് കഷണങ്ങൾ ഉപയോഗിച്ച് കറങ്ങുന്ന കാറ്റാടിയന്ത്രമുള്ള കൊച്ചു വീടുകൾ സ്വന്തമായി നിർമ്മിച്ച് വർണ്ണച്ചായങ്ങൾ നൽകിയാണ് കുട്ടികൾ ഈ പഠനക്കളരി ആഘോഷമാക്കിയത്.
പാഴായിപ്പോകുന്ന വസ്തുക്കൾ സർഗ്ഗാത്മകമായി എങ്ങനെ പുനരുപയോഗിക്കാം എന്നും കാറ്റിൽ നിന്നുള്ള ഊർജ്ജ ഉൽപ്പാദനം എങ്ങനെ സാധ്യമാകുന്നുവെന്നും കുട്ടികളെ പരിചയപ്പെടുത്താനാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് വർക്ക്ഷോപ്പ് കോ-ഓർഡിനേറ്റർമാർ വ്യക്തമാക്കി. നവംബർ 4 മുതൽ 15 വരെ ഷാർജ എക്സ്പോ സെന്ററിൽ നടന്നു വരുന്ന പുസ്തകോത്സവത്തിൽ കുട്ടികൾക്കായി നിരവധി വിദ്യാഭ്യാസ-വിനോദ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. “മേഡ് ഓഫ് സ്റ്റോറീസ്” എന്ന പ്രമേയത്തിൽ നടക്കുന്ന മേളയിൽ ഒമാനാണ് ഇത്തവണത്തെ അതിഥി രാജ്യം.
