ഷാർജ ലൈബ്രറികൾ സമ്പന്നമാക്കാൻ 4.5 മില്യൺ ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

0
SHJ SHAKE

ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ (SIBF 2026) പങ്കെടുക്കുന്ന പ്രസാധകരിൽ നിന്ന് പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിനായി 4.5 ദശലക്ഷം ദിർഹം അനുവദിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. എമിറേറ്റിലെ പൊതു, സർക്കാർ ലൈബ്രറികളിലെ ശേഖരം കൂടുതൽ സമ്പന്നമാക്കുന്നതിന്റെ ഭാഗമായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. നവംബർ 4 മുതൽ 15 വരെ ഷാർജ എക്സ്പോ സെന്ററിലാണ് പുസ്തകോത്സവം നടക്കുന്നത്. 126 രാജ്യങ്ങളിൽ നിന്നുള്ള 3,212 പ്രസാധകരും പ്രദർശകരും മേളയിൽ പങ്കെടുക്കുന്നുണ്ട്. ശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിജ്ഞാന ശാഖകളിലായി 1.7 ദശലക്ഷത്തിലധികം പുസ്തകങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

പ്രസാധക വ്യവസായത്തിന് ശക്തമായ പിന്തുണ നൽകുന്നതിനൊപ്പം, വായനക്കാർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും വിജ്ഞാനത്തിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സാംസ്കാരിക വളർച്ചയുടെ കേന്ദ്രമായി പുസ്തകങ്ങളെയും ലൈബ്രറികളെയും കാണുന്ന ഷാർജ ഭരണാധികാരിയുടെ കാഴ്ചപ്പാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി വ്യക്തമാക്കി.

“മേഡ് ഓഫ് സ്റ്റോറീസ്” (Made of Stories) എന്ന പ്രമേയത്തിൽ നടക്കുന്ന ഇത്തവണത്തെ മേളയിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 106 എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. വിവിധ സാംസ്കാരിക-കലാ പരിപാടികളിലായി 1,500-ലധികം പരിപാടികളാണ് പുസ്തകോത്സവത്തിൽ ഒരുക്കിയിരിക്കുന്നത്. ഒമാനാണ് ഇത്തവണത്തെ അതിഥി രാജ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

You may have missed