നിന്റെയൊക്കെ അച്ഛൻറെ വീട്ടിൽ നിന്ന് കൊണ്ടുവരുമോ ശുദ്ധമായ പെട്രോൾ :ബിജെപി ജനാർദ്ദൻ മിശ്ര

0
JANARDHANAN

ഭോപ്പാൽ: കേന്ദ്ര സർക്കാരിന്റെ ഇ20 പെട്രോൾ നയത്തെ വിമർശിക്കുന്നവർക്കെതിരെ സംസ്കാരശൂന്യമായ പരാമർശവുമായി ബിജെപി എംപി ജനാർദ്ദൻ മിശ്ര. മധ്യപ്രദേശിലെ റെവ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ജനാർദ്ദൻ മിശ്ര. നിന്റെയൊക്കെ അച്ഛൻറെ വീട്ടിൽ നിന്ന് കൊണ്ടുവരുമോ ശുദ്ധമായ പെട്രോൾ  എന്നാണ് എഥനോൾ കലർത്തിയ പെട്രോളിനെ എതിർക്കുന്നവരോട് എംപി പരസ്യമായി ചോദിച്ചത്. റെവയിൽ നിന്ന് ഭോപ്പാലിലേക്കും കൊൽക്കത്തയിലേക്കുമുള്ള പുതിയ വിമാന സർവീസുകൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു എംപിയുടെ വിവാദ പരാമർശം.

എഥനോൾ നയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ന്യായീകരിക്കുന്നതിനിടയിലാണ് എം.പി പ്രകോപിതനായത്. ഇന്ത്യക്ക് ആവശ്യമായ എണ്ണയുടെ 20 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി 80 ശതമാനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഹൊർമൂസ് കടലിടുക്കിൽ സംഘർഷവും ഹൂതികളുടെ ഉപരോധവും കാരണം 18,000 കിലോമീറ്റർ അധികം സഞ്ചരിച്ചാണ് ഇപ്പോൾ നാട്ടിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കുന്നതെന്ന് എംപി ചൂണ്ടിക്കാട്ടി.

രാജ്യത്ത് പരിശുദ്ധമായ പെട്രോൾ മാത്രം ഉപയോഗിക്കണമെന്ന് ചിലർ വാശിപിടിക്കുകയാണെന്ന് പറഞ്ഞ മിശ്ര, അങ്ങനെയെങ്കിൽ നാട്ടിൽ പെട്രോൾ ഇല്ലാതെ വരുമ്പോൾ ഇവർ എവിടെ നിന്ന് കൊണ്ടുവരുമെന്ന് ചോദ്യമുയർത്തി. ബ്രസീലിൽ 100 ശതമാനവും എഥനോൾ ഉപയോഗിച്ചാണ് വാഹനങ്ങൾ ഓടുന്നത്. അവിടെ വാഹനങ്ങൾക്ക് യാതൊരു തകരാറും സംഭവിക്കുന്നില്ല. ഇന്ത്യയിലെ വാഹന നിർമ്മാതാക്കളും എഥനോൾ പോലെയുള്ള ഇന്ധനങ്ങളിൽ ഓടാൻ തങ്ങളുടെ എഞ്ചിനുകൾ സജ്ജമാണെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഇന്ത്യൻ വാഹനങ്ങൾക്ക് എഥനോളിൽ ഓടാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഇത്രയധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്ന മറ്റൊരു രാജ്യം വേറെയില്ലെന്നും ചടങ്ങിൽ സംസാരിക്കവെ എം.പി ജനാര്ദ്ദൻ മിശ്ര അവകാശപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *