സഭയില്‍ വന്നിരിക്കാന്‍ ആഭ്യന്തരമന്ത്രിക്ക് ഭയം : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നീറ്റ് പേപ്പര്‍ ക്രമക്കേട് ആരോപിച്ച് ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ സമരം തന്നെ ആവേശം കൊള്ളിച്ചെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജന്തര്‍മന്തറിലെ സമരം വിദ്യാര്‍ഥികളുടെ ആക്രമണമോ, വെറുപ്പോ ആയിരുന്നില്ലെന്നും രാജ്യത്തിന്റെ ഭാവി തലമുറയുടെ ആഴത്തിലുള്ള ആവിഷ്‌കാരമായിരുന്നെന്നും രാഹുല്‍ പറഞ്ഞു. ആ സമരത്തെ ബിജെപിയടക്കമുള്ള എല്ലാ പാര്‍ട്ടികളും മാനിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ഡല്‍ഹിയിലെ പ്രതിഷേധത്തെക്കുറിച്ച് ബിജെപി നേതാക്കള്‍ വീട്ടിലെത്തി അവരുടെ കുട്ടികളോട് ചോദിച്ചാല്‍, ആ സമരത്തോട് യോജിപ്പുള്ള ഒട്ടേറെപ്പേരെ സ്വന്തം വീട്ടില്‍ത്തന്നെ കാണാനാകും. ആ പ്രതിഷേധത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കേണ്ടതുണ്ട്’- രാഹുല്‍ ഗാന്ധി പറഞ്ഞു.
ഒരു വിദ്യാര്‍ഥിനിയുമായി നടത്തിയ സംഭാഷണം ആമുഖമാക്കിയാണ് രാഹുല്‍ ഗാന്ധി പ്രസംഗം ആരംഭിച്ചത്. ‘ഒരിക്കല്‍ ഒരു വിദ്യാര്‍ഥിനിയുമായി നടത്തിയ സംഭാഷണത്തില്‍ എന്താണ് ഒരു വിദ്യാര്‍ഥി എന്ന് ആ ഞാന്‍ ചോദിച്ചു. ആ പെണ്‍കുട്ടി തന്ന ഉത്തരം വളരെ മനോഹരമായിരുന്നു. തുറന്ന മനസ്സും തുറന്ന ഹൃദയവുമുള്ളയാളാണ് ഒരു വിദ്യാര്‍ഥിയെന്നായിരുന്നു ഉത്തരം. തനിക്കെല്ലാം അറിയില്ലെന്ന് തുടക്കം മുതലെ മനസിലാക്കുകയും അത് അംഗീകരിക്കുകയും ചെയ്യുന്നു. അറിവ് മാറിക്കൊണ്ടിക്കുമെന്ന് അവര്‍ മനസ്സിലാക്കുന്നു. ഞങ്ങള്‍ക്ക് എല്ലാമറിയാമെന്നും ലോകം ചലനമില്ലാത്തതാണെന്നും വിചാരിക്കുന്ന മറ്റൊരു കൂട്ടരുണ്ടെന്നും അവര്‍ ആരെയും കേള്‍ക്കുകയോ ചെയ്യില്ലെന്നും അവള്‍ പറഞ്ഞു. ആരാണ് അക്കൂട്ടരെന്ന് ആ കുട്ടിയോടു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത്. ഞങ്ങള്‍ അവരെ വിഡ്ഢി എന്നു വിളിക്കുന്നു എന്നാണ്- രാഹുല്‍ ഗാന്ധി പറഞ്ഞു.
