സംസ്ഥാനത്ത് മഴ കനക്കുന്നു: ഭൂതത്താന്‍കെട്ടില്‍ ഷട്ടറുകള്‍ ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തീവ്രമഴ കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളിലാണ് നിലവില്‍ മഴ മുന്നറിയിപ്പ്. ശക്തമായ മഴയെ തുടര്‍ന്ന് ഭൂതത്താന്‍ കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് നിയന്ത്രിത തുറക്കല്‍ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പാലക്കാട്, വയനാട് ജില്ലകളിലൊഴികെ മറ്റ് എല്ലാ ജില്ലകളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യയെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
