പിണറായി വിജയന്റെ വീടുകളില്‍ ഇഡി റെയ്ഡ്

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ അടക്കം വിവിധ ഇടങ്ങളിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന. പിണറായി വിജയന്‍റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും വീട്ടിലും കൊച്ചിയിലെ സിഎംആര്‍എല്‍ ഓഫീസിലും ശശിധരൻ കർത്തയുടെ വീട്ടിലും അടക്കം പത്തിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. പിണറായി വിജയനും മകള്‍ വീണയും തിരുവനന്തപുരത്തെ വസതിയിലാണുള്ളത്.
കഴിഞ്ഞ ദിവസമായിരുന്നു സിഎംആര്‍എല്‍ – എക്‌സാലോജിക് കരാറില്‍ ഇ ഡിയുടെ അന്വേഷണം തുടരാമെന്ന് ഹെെക്കോടതി നിർദേശിച്ചത്. ഇ ഡി അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഇ ഡിയുടെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു. പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിലിന്റെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇ ഡിയുടെ അന്വേഷണം. സിഎംആര്‍എലില്‍ നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആക്ഷേപമാണ് ഇ ഡി അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്നാണ് ഇഡിയുടെ വാദം.
