പാലാ മൂന്നാനിയിലെ വെള്ളപ്പൊക്കത്തിൽ മഹാത്മാഗാന്ധി ഫൗണ്ടേഷന്റെ ‘റെസ്ക്യൂ ബാപ്പുജി’

കോട്ടയം /പാലാ: പാലായിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മഹാത്മാഗാന്ധി പ്രതിമ തകർന്നില്ല. ഏറ്റുമാനൂർ – പൂഞ്ഞാർ ഹൈവേയിലെ മൂന്നാനിയിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധിപ്രതിമ സാങ്കേതിക തകരാറിനെ തുടർന്ന് ഒരു വശത്തേക്ക് ചെരിഞ്ഞിരുന്നു. പ്രതിമയെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഭാരവാഹികൾ കഴുത്തൊപ്പം വെള്ളത്തിലിറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് സ്ഥാപിച്ച ഗാന്ധിസ്ക്വയറിലെ പ്രതിമ ശനിയാഴ്ച രാവിലെയോടെ ചെരിഞ്ഞ നിലയിൽ വാർഡ് കൗൺസിലർ ബിജു വരിക്കയാനിയാണ് ശ്രദ്ധിച്ചത്. ശക്തമായ ജലപ്രവാഹത്തിൽ പ്ലാറ്റ്ഫോമിലെ സ്ക്രൂവിന് സാങ്കേതിക തകരാർ സംഭവിച്ചതാണ് ചെരിവിന് കാരണമായതെങ്കിലും, ‘ഐസോ റെസിൻ’ എന്ന ഭാരം കുറഞ്ഞ പ്രത്യേക പദാർത്ഥം കൊണ്ട് നിർമിച്ചതിനാലാണ് പ്രതിമ ഒലിച്ചുപോകാതെയും ഉടയാതെയും രക്ഷപ്പെട്ടത്.
വിവരമറിഞ്ഞ ഉടൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്, മുൻ മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടം, മൈക്കിൾ ജോസഫ് കുഴിഞ്ഞാലിൽ, റോയി തൈപ്പറമ്പിൽ, ഒ.എസ്. പ്രകാശ് എന്നിവർ ചേർന്ന് ആഴവും ഒഴുമുള്ള വെള്ളത്തിലൂടെ നീന്തിച്ചെന്ന് പ്രതിമ സുരക്ഷിതമായി ഉയർത്തിയെടുക്കുകയായിരുന്നു. യാതൊരു കേടുപാടുകളും സംഭവിക്കാത്ത പ്രതിമ, പ്രളയജലം പൂർണമായും ഇറങ്ങിയ ശേഷം പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തി അടുത്ത ആഴ്ച തന്നെ വീണ്ടും പുനഃസ്ഥാപിക്കുമെന്ന് എബി ജെ. ജോസ് അറിയിച്ചു.
