ഹോർമൂസ് നിയന്ത്രണം: നിയമ നിർമ്മാണത്തിന് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഇറാൻ നിയമനിർമ്മാണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് കടലിടുക്ക് കടക്കാൻ ഇറാൻ ദേശീയ സുരക്ഷാ കൗൺസിലിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കും. ഇതിനായി ഇറാൻ പാർലമെന്റ് പ്രത്യേക ബിൽ തയ്യാറാക്കിയതായാണ് സൂചന. പുതിയ നിയമം നടപ്പിലായാൽ ഇസ്രയേൽ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള പ്രവേശനം പൂർണ്ണമായും നിരോധിക്കും.
ഇറാനെ ആക്രമിച്ച രാജ്യങ്ങളിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നത് വരെ അവരുടെ കപ്പലുകൾ കടത്തിവിടേണ്ടെന്നാണ് ഇറാന്റെ നിലപാട്. സംഘർഷം ലഘൂകരിക്കാനായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് പാകിസ്ഥാന്റെ നിലപാട്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വിശ്വസ്തനായ മധ്യസ്ഥൻ ആയി പാകിസ്ഥാൻ പ്രവർത്തിക്കുമെന്ന് ഷഹബാസ് ഷരീഫ് ഉറപ്പ് നൽകി.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന പാതയായ ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലയളവ് ഏപ്രിൽ 22 ന് അവസാനിക്കാനിക്കുകയാണ്. സംഘർഷം വീണ്ടും മൂർച്ഛിച്ചാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരാനും ചരക്ക് ഗതാഗതം തടസ്സപ്പെടാനും കാരണമാകും. അത് ആഗോള വിപണികളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
