മംഗ കോമിക്സ് മുതൽ ക്ലാസിക് നോവലുകൾ വരെ; ഷാർജ പുസ്തകോത്സവത്തിലെ വായനക്കാരുടെ സഞ്ചിയിലുള്ളതെന്ത്?
ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം (SIBF 2026) സന്ദർശിച്ച് മടങ്ങുന്നവരുടെ സഞ്ചികളിൽ നിറയുന്നത് വൈവിധ്യമാർന്ന വായനാരുചികളാണ്. ബാലസാഹിത്യവും മംഗ കോമിക്സുകളും മുതൽ വ്യക്തിത്വ വികസന പുസ്തകങ്ങളും ക്ലാസിക് കൃതികളും വരെ വായനക്കാർ സ്വന്തമാക്കുന്നു. മകൻ നഖാഷിനായി ‘ടോം ഗേറ്റ്സ്’ പരമ്പരയിലെ അഞ്ച് പുസ്തകങ്ങളും, ബന്ധുക്കൾക്ക് സമ്മാനിക്കാനായി ‘സൂപ്പർ സ്റ്റോറീസ് ഓഫ് പ്രൊഫറ്റ്സ്’ എന്ന കൃതിയുമാണ് പാകിസ്ഥാൻ സ്വദേശിനി സെഹർ ഖാൻ വാങ്ങിയത്. ഇഷ്ടപ്പെട്ട ‘ഡീമൻ സ്ലേയർ’ (Demon Slayer) മംഗ പരമ്പരയിലെ 19, 20 ഭാഗങ്ങൾ പല സ്റ്റാളുകളിൽ തിരഞ്ഞുപിടിച്ച സന്തോഷത്തിലാണ് 11 വയസ്സുകാരനായ ഇമാറാത്തി ബാലൻ യൂസഫ് അഹമ്മദ് അൽ മർസൂഖി. അനിമേഷൻ സിനിമകളേക്കാൾ തനിക്ക് പ്രിയം പുസ്തകങ്ങളാണെന്ന് യൂസഫ് പറയുന്നു.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഗൗർ ഗോപാൽ ദാസിന്റെ ‘എനർജൈസ് യുവർ മൈൻഡ്’ തേടിയാണ് ചൈനീസ് സന്ദർശകനായ ഷാങ് യിംഗ്ലിൻ മേളയിലെത്തിയത്. അതേസമയം, പണ്ട് വായിച്ചു പകുതിയിൽ നിർത്തിയ ഹെർമൻ മെൽവില്ലിന്റെ വിഖ്യാത നോവൽ ‘മോബി-ഡിക്’ (Moby-Dick) വീണ്ടും വായിച്ചു തീർക്കാനായി സ്വന്തമാക്കിയ സന്തോഷത്തിലാണ് ബ്രിട്ടീഷുകാരനായ റിച്ചാർഡ് ഹൗലാൻഡ്. നവംബർ 15 വരെ എക്സ്പോ സെന്ററിൽ നടക്കുന്ന മേളയിൽ 126 രാജ്യങ്ങളിൽ നിന്നുള്ള 17 ലക്ഷത്തിലധികം പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്
