പ്രീയദർശിനി സൗജന്യ യാത്ര ആദ്യ പരാതി: സ്ത്രീകളില്‍ നിന്ന് പണം ഈടാക്കിയതായി പരാതി

തൃശൂര്‍: കെഎസ്ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന യാത്രയില്‍ തന്നെ സ്ത്രീകളില്‍ നിന്ന് പണം ഈടാക്കിയതായി പരാതി. തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് പോയ ഓര്‍ഡിനറി ബസിലാണ് സൗജന്യ യാത്ര നിഷേധിച്ചത്. 9:35-ന് ബസിൽ കയറിയ കൊരട്ടി സ്വദേശികളായ വിദ്യാർത്ഥിനികളാണ് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ടിവന്നത്. സിസ്റ്റം അപ്ഡേറ്റ് ആയില്ലെന്നായിരുന്നു കണ്ടക്ടറുടെ ഇവര്‍ക്ക് നല്കിയ മറുപടി. ഇതേ ബസിന് പുതുക്കാട് വച്ച് സ്വീകരണവും നല്‍കിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞിട്ടാണ് ബസില്‍ കയറുന്നതെന്നും 9.34നാണ് ടിക്കറ്റ് എടുത്തതെന്നും വിദ്യാർത്ഥിനികള്‍ പറയുന്നു.ബസിൽ കയറിയപ്പോൾ ലഡുവൊക്കെ ലഭിച്ചെങ്കിലും യാത്രക്ക് പണം വാങ്ങിയത് സങ്കടമായെന്നാണ് വിദ്യാർത്ഥിനികളുടെ പരിഭവം. ഇതുസംബന്ധിച്ച് പരാതി ചൂണ്ടിക്കാട്ടിയപ്പോള്‍ ബസിലുണ്ടായിരുന്ന ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ കാര്യമായി എടുത്തില്ലെന്നും വിഡിയോയും സെല്‍ഫിയും എടുക്കുന്ന തിരക്കിലായിരുന്നു അവരെന്നും അവർ കൂട്ടിച്ചേർത്തു.
