വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് അഭിജീത് ദീപ്കെ

മുംബൈ: തന്റെ വീട്ടിലെത്തുന്ന സന്ദര്‍ശകരെ തടയുകയും മോശമായി പെരുമാറുകയും ചെയ്ത പൊലീസ് സബ് ഇന്‍സ്പെക്ടറെ സുരക്ഷാ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ രംഗത്ത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള തന്റെ വസതിയിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് ഉദ്യോഗസ്ഥന് തടയാനും നിരീക്ഷിക്കാനും ശ്രമിച്ചതായും ദീപ്കെ ആരോപിച്ചു. ഭീഷണിയും വസതിയിലെ തിരക്കും കണക്കിലെടുത്താണ് ദീപ്കെയ്ക്ക് സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്.
സിഐഡി ഉദ്യോഗസ്ഥര്‍ വേഷംമാറി തന്റെ വീടിന് സമീപം ചുറ്റിത്തിരിയുകയും ഹിറ്റ് സ്പ്രേ എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പിലേക്ക് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നതായും ദീപ്കെ ആരോപിച്ചു. വെള്ളിയാഴ്ച ദീപ്കെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായി ഫോണില്‍ സംസാരിക്കുന്നതിന്റെയും വസതിയിലുണ്ടായിരുന്ന എസ്ഐയോട് സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഞാന്‍ ആളുകളെ വീട്ടിലേക്ക് ക്ഷണിക്കുമ്പോള്‍ അവരെ കടത്തിവിടാന്‍ എന്താണ് ബുദ്ധിമുട്ട്? നിങ്ങള്‍ എന്തിനാണ് ഡല്‍ഹി പൊലീസിനെപ്പോലെ പെരുമാറുന്നത്? ഇന്നുവരെ ഇവിടെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഞാന്‍ നിങ്ങളെ ആദ്യമായാണ് കാണുന്നത്. ഞാന്‍ ആരെ കാണണം, ആരെ കാണരുത് എന്ന് തീരുമാനിക്കാന്‍ പൊലീസ് പറയേണ്ടതില്ല. ദയവായി പുറത്തുപോകൂ, എനിക്ക് നിങ്ങളുടെ സേവനം ആവശ്യമില്ല -എസ്ഐയോട് ദീപ്കെ പറയുന്നത് പുറത്തുവന്ന വിഡിയോയില്‍ വ്യക്തമാണ്.
രണ്ടാമത്തെ വിഡിയോയില്‍, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനോട് ഫോണിലൂടെ പരാതിപ്പെടുന്നതായി കാണാം. സുരേഷ് എന്ന എസ്ഐ ഇവിടെ വന്നിട്ടുണ്ട്, എന്നെ കാണാന്‍ വരുന്നവരോട് വളരെ മോശമായാണ് പെരുമാറുന്നത്. ആളുകളോട് പുറത്തുപോകാന്‍ പറയുകയാണ്. ഇത് വേണമെന്ന് വെച്ച് ചെയ്യുന്നതാണോ? എനിക്ക് ഇയാളെ ആവശ്യമില്ല. ഉദ്യോഗസ്ഥനെ അവിടെനിന്ന് മാറ്റണമെന്നും ദീപ്കെ ആവശ്യപ്പെട്ടു.
ഇതേ ഫോണ്‍ സംഭാഷണത്തിലാണ് സിഐഡി ഉദ്യോഗസ്ഥര്‍ വീടിന് ചുറ്റും കറങ്ങുന്നുണ്ടെന്ന ആരോപണവും ദീപ്കെ ഉന്നയിച്ചത്. വീടിന് സമീപം ചില സിഐഡി ഉദ്യോഗസ്ഥരെ കണ്ടതായി ഒരു റിപ്പോര്‍ട്ടര്‍ പറഞ്ഞു. പൊലീസ് അവരെ മാറ്റാന്‍ ശ്രമിച്ചപ്പോള്‍ തങ്ങള്‍ സിഐഡിയില്‍ നിന്നുള്ളവരാണെന്ന് അവര്‍ വെളിപ്പെടുത്തി. ഉദ്യോഗസ്ഥരിലൊരാളുടെ ഫോണില്‍ ഹിറ്റ് സ്പ്രേ എന്ന പേരില്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തുറന്നിരിക്കുന്നത് റിപ്പോര്‍ട്ടര്‍ കണ്ടു. ഇവിടെ നിന്നുള്ള വിവരങ്ങള്‍ അവര്‍ അതിലേക്ക് അയക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞുവെന്നും ദീപ്കെ ആരോപിച്ചു. അതേസമയം, ഇക്കാര്യങ്ങളില്‍ പൊലീസിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
