ഷക്കീറ പാടും ദായ്… ദായ്… ലോകകപ്പിൽ 3 ഉദ്ഘാടന ചടങ്ങുകൾ

0
SHAKHERA

മെക്സിക്കോ സിറ്റി: ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പ്. 104 മത്സരങ്ങൾ അടക്കം എല്ലാംകൊണ്ടും പുതുമ നിറഞ്ഞ ലോകകപ്പ് പോരാട്ടത്തിനാണ് തുടക്കമാകാൻ പോകുന്നത്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി അരങ്ങേറുന്ന പോരാട്ടത്തിന് 3 വ്യത്യസ്ത ഉദ്ഘാടന ചടങ്ങുകളും കാണാം. 3 വ്യത്യസ്ത ന​ഗരങ്ങളിലായി രണ്ട് ദിവസമായി അരങ്ങേറുന്നത് 3 ഉദ്ഘാടന ചടങ്ങുകൾ. ജൂൺ 12നും 13നു പുലർച്ചെയുമായാണ് യുഎസ്എ, കാനഡ എന്നിവിടങ്ങളിലെ ഉദ്ഘാട ചടങ്ങുകൾ.

അതിൽ ആദ്യത്തേത് ഇന്ന് ഇന്ത്യൻ സമയം രാത്രി 11.30 മുതലാണ്. ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ അസ്റ്റെക്ക സ്റ്റേഡിയത്തിലാണ് ഇന്നത്തെ ഉദ്ഘാടന ചടങ്ങ്. മൂന്ന് ലോകകപ്പുകൾക്ക് (1970, 1986, 2026) വേദിയാകുന്ന ആദ്യ സ്റ്റേഡിയമാണിത്. വിഖ്യാത താരങ്ങളായ പെലെയും മറഡോണയും ഇവിടെ കിരീടം ചൂടിയിട്ടുണ്ട്. 199‌4ൽ ഇറ്റലിയുടെ റോബർട്ടോ ബാജിയോ നിർണായകമായ പെനാൽറ്റി കിക്ക് പുറത്തേക്ക് അടിച്ചു കളഞ്ഞ് നഷ്ട കാമുകനായി നിന്ന സ്റ്റേഡിയം ഇതുതന്നെ.

രാത്രി 11.30 മുതൽ ഉദ്ഘാടന ചടങ്ങുകൾ തുടങ്ങും. വിഖ്യാത പോപ്പ് ​ഗായിക ഷക്കീറയും നൈജീരിയൻ ​ഗായകൻ ബർണ ബോയ്‌യും ചേർന്നു ഔദ്യോ​ഗിക ലോകകപ്പ് ​ഗാനമായ ദായ്… ദായ് ആദ്യമായി തത്സമയം ആലപിക്കും. അലജാന്ദ്രോ ഫെർണാണ്ടസ്, ജെ ബാൽവിൻ, ടൈല തുടങ്ങിയവരും ലൈവ് പ്രോ​ഗ്രാമിൽ അണിനിരക്കും. തുടർന്നു 12.30 മുതൽ ഉദ്ഘാടന പോരാട്ടം. ആതിഥേയരായ മെക്സിക്കോ- ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.

കാനഡയിലെ ടൊറന്റോയിലുള്ള ബിഎംഒ ഫീൽഡ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ. ജൂൺ 12ന് ഇന്ത്യൻ സമയം രാത്രി 11.00 മണി മുതലാണ് ചടങ്ങുകൾ. മൈക്കൽ ബുബ്ലേ, അലാനിസ് മോറിസെറ്റ് എന്നിവർക്കൊപ്പം ഇൻഡോ-കനേഡിയൻ ഗായികയും നർത്തകിയുമായ നോറ ഫത്തേഹിയും ഈ ചടങ്ങിൽ പെർഫോം ചെയ്യുന്നുണ്ട്. തുടർന്ന് കാനഡയും ബോസ്നിയ ഹെർസഗോവിനയും തമ്മിലുള്ള മത്സരം.

അമേരിക്കയിൽ ലൊസാഞ്ചലസിലെ സോഫി സ്റ്റേഡിയമാണ് ഉദ്ഘാടന ചടങ്ങിന് വേദിയാകുന്നത്. ജൂൺ 13നു പുലർച്ചെ 5.00 മണിക്ക് ആരംഭിക്കും. പോപ്പ് ​ഗായിക കാറ്റി പെറി, ഫ്യൂച്ചർ, അനിറ്റ, ലിസ, റെമ എന്നിവരും ചടങ്ങിനു കൊഴുപ്പേകും. തുടർന്നു യുഎസും പരാ​ഗ്വെയും തമ്മിലുള്ള പോരാട്ടം കാണാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *