നിപ : ഹൈറിസ്‌ക് പട്ടികയില്‍ രണ്ടുപേര്‍, റൂട്ട്മാപ്പ് പുറത്ത്

കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയില്‍ 77 പേരെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. 58 ആരോഗ്യപ്രവര്‍ത്തകരും 14 കുടുംബാംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സമ്പർക്ക പട്ടികയിലെ രണ്ടുപേർ ഏറ്റവും ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും 13 പേർ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും 62 പേർ അപകടസാധ്യത കുറഞ്ഞവിഭാഗത്തിലും ആണുള്ളത്. ഇതിൽ ആദ്യരണ്ടു വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും ക്വാറന്റൈൻ നിർദേശിച്ചിട്ടുണ്ട്.രോഗബാധിതന്റെ റൂട്ട് മാപ്പും തയ്യാറായിട്ടുണ്ട്. രോഗം ബാധിച്ച വ്യക്തി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. പുനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും യുവാവിന് നിപ സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനതലത്തിലുള്ള നിർദ്ദേശം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാൻ രാമനാട്ടുകര മുൻസിപ്പാലിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. സംസ്ഥാനതലത്തിലുള്ള നിർദ്ദേശം വന്നാൽ ഈ ഭാഗം ആവശ്യമെങ്കിൽ കണ്ടെയ്ൻമെന്റ് സോണാക്കാനും തീരുമാനമുണ്ട്. അതിനിടെ ഫീൽഡ് തലത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചു. രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ആർആർടി യോഗം ചേർന്നു. പി പി കിറ്റ്, ഗ്ലൗസ്, മാസ്ക് തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. മുൻകരുതലായി മരുന്നുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജനങ്ങൾക്ക് സംശയനിവാരണത്തിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. നമ്പറുകൾ ഇവയാണ്: 0495 2373 901, 9072007767
