രണ്ടാംവട്ട ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍

0
IR DIC

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള രണ്ടാം വട്ട സമാധാന ചര്‍ച്ച അനിശ്ചിതത്വത്തിലെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടത്താന്‍ നിശ്ചയിച്ച രണ്ടാംവട്ട ചര്‍ച്ചയില്‍ ഇറാന്‍ പങ്കെടുക്കില്ലെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ നിലപാടുകള്‍ക്ക് വിശ്വാസ്യതയില്ലെന്നും ഇറാന്‍ കുറ്റപ്പെടുത്തുന്നു.യുഎസിന്റെ അതിരുകവിഞ്ഞ ആവശ്യങ്ങള്‍, യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാത്ത പ്രതീക്ഷകള്‍, നിരന്തരമായ നിലപാട് മാറ്റം, ഹോര്‍മുസില്‍ തുടരുന്ന നാവിക ഉപരോധം തുടങ്ങിയവയാണ് ചര്‍ച്ചയില്‍ നിന്നും പിന്തിരിപ്പിച്ചതെന്നാണ് ഇറാന്‍ സൂചിപ്പിക്കുന്നത്.

ഹോര്‍മുസിലെ യുഎസിന്റെ നാവിക ഉപരോധം വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും ഇറാന്‍ കുറ്റപ്പെടുത്തുന്നു.നിലവിലെ സാഹചര്യത്തില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ക്ക് ഒരു സാധ്യതയുമില്ലെന്നും ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. രണ്ടാംവട്ട സമാധാന ചര്‍ച്ചക്കായി യുഎസ് പ്രതിനിധികള്‍ ഇന്ന് ഇസ്ലാമാബാദില്‍ എത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ളത്. തങ്ങള്‍ മുന്നോട്ടുവെക്കുന്ന കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാന്റെ സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുമെന്ന ഭീഷണിയും ട്രംപ് ആവര്‍ത്തിച്ചിട്ടുണ്ട്.

കരാറിലെത്തിയില്ലെങ്കില്‍ ഇറാനിലെ എല്ലാ ഊര്‍ജ്ജനിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്നാണ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഫെബ്രുവരി 28 ന് ആരംഭിച്ച ഇറാന്‍- യുഎസ്- ഇസ്രയേല്‍ യുദ്ധത്തിന് താല്‍ക്കാലിക ആശ്വാസമായി രണ്ടാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ മൂന്നു ദിവസം മാത്രം ശേഷിക്കെയാണ് പശ്ചിമേഷ്യയില്‍ വീണ്ടും സ്ഥിതി വഷളാകുന്നത്. യുഎസിന്റെ നാവിക ഉപരോധവും, ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തതുമാണ് പെട്ടെന്ന് സ്ഥിതി വഷളാക്കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *