ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, 3 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ചുദിവസത്തേക്കാണു മുന്നറിയിപ്പ്. ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുത്തു. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ ന്യൂനമർദ പാത്തിയെന്ന് കാലാവസ്ഥ വകുപ്പ്. 3 ജില്ലകളിൽ റെഡ് അലർട്ട് തുടരും. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെലോ അലർട്ടാണ്. സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് അവധി നൽകി. വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, മലപ്പുറം എറണാകുളം ജില്ലകളിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കാസർകോട് ജില്ലയിൽ സ്കൂളുകൾക്കു മാത്രമാണ് അവധി. കോളജുകൾക്ക് അവധി ബാധകമല്ല. മാഹിയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.