പിണറായി വിജയനെതിരായ സര്‍ക്കാര്‍ എടുത്തുചാടി ഒരു തീരുമാനവും എടുത്തിട്ടില്ല : മുഖ്യമന്ത്രി
തിരുവനന്തപുരം: സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയനെതിരായ ഇഡിയുടെ കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തുചാടി ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്. നിയമപരമായി ബാധ്യസ്ഥമായ തീരുമാനമാണ് സര്‍ക്കാര്‍ എടുത്തത്. ആരെയും വേട്ടയാടാനോ, ആരുടെയും പുറകെ നടന്ന് പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കാനോ ഈ സർക്കാരില്ല. ലോ വില്‍ ടേക്ക് ഇറ്റ്സ് ഓണ്‍ കോഴ്സ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. അപ്പോള്‍ അവര്‍ക്ക് പറയാനുള്ള എല്ലാ അവകാശവുമുണ്ട്. മുഖ്യമന്ത്രി വ്യക്തമാക്കി.
പിണറായി വിജയനെതിരെ കേസെടുക്കാന്‍ തീരുമാനിച്ചതില്‍, ഇടതുപക്ഷം മോഡി-ഇഡി-വിഡി കൂട്ടുകെട്ട് എന്ന ആക്ഷേപം ഉന്നയിക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘പേര് കേള്‍ക്കാന്‍ നല്ല രസമുണ്ടെന്നായിരുന്നു’ മുഖ്യമന്ത്രിയുടെ മറുപടി. ഈ കാര്യങ്ങളൊക്കെ ചെയ്യുമ്പോള്‍ നമ്മളാരും ഇല്ലല്ലോ?. അവരിതു ചെയ്തപ്പോഴൊന്നും നമ്മളാരും ഇല്ലല്ലോയെന്നും വിഡി സതീശന് ആവര്‍ത്തിച്ചു.
പിഎംഎല്‍എ ആക്ട് 66 (2) പ്രകാരം ഇഡി ഡിജിപിക്ക് കത്തു നല്കി. ആ കത്തില്‍ സര്‍ക്കാര്‍ എജിയുടേയും ഡിജിപിയുടേയും നിയമോപദേശം തേടി. അതില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പിഎംഎല്‍എ ആക്ട് 66 (2) പ്രകാരം കത്തു ലഭിച്ചാല്‍ പൊലീസ് അന്വേഷണം നടത്തിയേ മതിയാകൂ. മാന്ഡേറ്ററിയായുള്ള കോടതി വിധിയാണിത്. അക്കാര്യം ആഭ്യന്തരമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുണ്ട്.
