റാസല്‍ഖൈമയിലെ വാഹനാപകടം; 3 മലയാളികളെ തിരിച്ചറിഞ്ഞു
കണ്ണൂര്‍: റാസല്‍ഖൈമയില്‍ നിര്‍ത്തിയിട്ട ബസിന് പിറകില്‍ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട 13 പേരില്‍ രണ്ട് പേര്‍ മലയാളികളാണെന്ന് തിരിച്ചറിഞ്ഞു. തലശ്ശേരി പന്ന്യന്നൂര്‍ സ്വദേശി സങ്കീര്‍ത്ത് നിവാസില്‍ സങ്കീര്‍ത്ത സുരേഷ് (26), മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി ‘ഹേമന്തത്തില്‍’ ഹേമന്ത് പുതിയകാവില്‍ (29), കാസർകോട് അട്ടേങ്ങാനം സ്വദേശി അഷ്‌റഫ് (53) എന്നിവരാണ് മരിച്ചത്. മട്ടന്നൂരിലെ വിമുക്ത ഭടന്‍ കെ വി മോഹനന്റെയും റിട്ട അധ്യാപിക പി കെ സുമംഗലയുടെയും മകനാണ് മരിച്ച ഹേമന്ത്. മരിച്ചവരില്‍ കൂടുതല്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു സൂചന. മഹിമ സോണി (ഗുജറാത്ത്), വിനോദ്കുമാര്‍ (ആന്ധ്ര പ്രദേശ്) എന്നിവരും മരിച്ചതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
യുഎഇയിൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു സങ്കീർത്ത. പിതാവ്: സുരേഷ് ബാബു, മാതാവ്: വിമല. ഗൾഫിൽ എഞ്ചിനീയറായ സമൃദ്ധ് സുരേഷ് സഹോദരനാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ പ്രാദേശിക അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഹെൽപ്പ് ലൈൻ നമ്പർ: 80046342
