സപ്ലൈക്കോയുടെ ആറ് പെട്രോള്‍ പമ്പുകള്‍ കൂടി തുടങ്ങും: മന്ത്രി ജി. ആര്‍ അനില്‍

0
SUPPYCO PUMP

കൊല്ലം : സപ്ലൈക്കോയുടെ ആറ് പമ്പുകള്‍ കൂടി ഈ സാമ്പത്തികവര്‍ഷം തുടങ്ങുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. സപ്ലൈക്കോയുടെ പതിനാലാമത് പെട്രോള്‍ പമ്പിന്റെ ശിലാസ്ഥാപനം കന്റോണ്‍മെന്റ് സിവില്‍ സപ്ലൈസ് കോംപ്ലക്‌സില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനജീവിതത്തിന്റെ എല്ലാമേഖലകളിലും ആശ്വാസംപകരുന്ന പദ്ധതികളാണ് സപ്ലൈകോയുടെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പെട്രോള്‍ പമ്പുകള്‍ക്ക് പുറമേ പാചകവാതകം, മരുന്നുകള്‍, നിത്യോപയോഗസാധനങ്ങള്‍ തുടങ്ങിയവ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ സ്ത്രീകള്‍ക്ക് സബ്‌സിഡിഇതരഉല്‍പ്പന്നങ്ങള്‍ 10 ശതമാനം വിലകുറവില്‍ വാങ്ങാം. ഔട്ട്‌ലെറ്റുകളില്‍ പ്രതിമാസം 25 രൂപയ്ക്ക് 20 കിലോ അരി ഓരോ കാര്‍ഡിനും ലഭ്യമാക്കും.

ഔട്ട്‌ലെറ്റുകള്‍ ഇല്ലാത്തയിടങ്ങളില്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ വിപുലീകരിച്ച് നവംബര്‍ ഒന്ന് മുതല്‍ സഞ്ചരിക്കുന്ന സൂപ്പര്‍ സ്റ്റോറുകളായി പ്രവര്‍ത്തിക്കും. സപ്ലൈകോയുടെ പെട്രോള്‍ പമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും ആലോചനയിലുണ്ട്. ഇന്ധനലഭ്യത ഉറപ്പാക്കി ആധുനികസൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. എം നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, മേയര്‍ ഹണി എന്നിവര്‍ മുഖ്യാതിഥികളായി. സംസ്ഥാന ഐ.ഒ.സി.എല്‍ റീട്ടെയില്‍ സെയില്‍സ് ജനറല്‍ മാനേജര്‍ ഗൗരവ് കുന്ദ്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍, സംസ്ഥാന ഐ.ഒ.സി.എല്‍ ചീഫ് ജനറല്‍ മാനേജറും സംസ്ഥാന മേധാവിയുമായി ഗീഥിക മെഹ്‌റ, ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് റേഷനിംഗ് സി.വി മോഹനന്‍ കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ് ഗോപകുമാര്‍, തിരുവനന്തപുരം സപ്ലൈക്കോ റീജിയണല്‍ മാനേജര്‍ എസ്.ആര്‍ സ്മിത, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *