എച്ച്.പി.വി വാക്സിനേഷൻ ക്യാമ്പയിൻ 31 വരെ : ഇതുവരെ 11,735 കുട്ടികൾക്ക് വാക്സിൻ നൽകി

0
VACC

കൊല്ലം : ഗർഭാശയഗള കാൻസർ പ്രതിരോധത്തിനായുള്ള എച്ച്.പി.വി (ഹ്യൂമൻ പാപിലോമ വൈറസ്) വാക്സിനേഷൻ ക്യാമ്പയിൻ മെയ് 31 വരെ തുടരും. ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി പ്രകാരം ജില്ലയിൽ ഇതുവരെ 11,735 കുട്ടികൾക്ക് വാക്സിൻ നൽകി. വാക്സിനേഷൻ വിതരണത്തിൽ കൊല്ലം ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനം കൈവരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ഷീജ എ.എൽ അറിയിച്ചു.പൊതുവിപണിയിൽ ഏതാണ്ട് 4000 രൂപയോളം വിലവരുന്ന വാക്സിനാണ് ക്യാമ്പയിനിലൂടെ തികച്ചും സൗജന്യമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്. “ഇന്ന് ഒരു വാക്സിൻ — നാളെ ഒരു സുരക്ഷിത ജീവിതം” എന്ന സന്ദേശവുമായി കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ ഭാവി ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോകാരോഗ്യ സംഘടനയും ദേശീയ ആരോഗ്യ ഏജൻസികളും ശുപാർശ ചെയ്തതും ശാസ്ത്രീയമായി ഫലപ്രാപ്തി തെളിയിക്കപ്പെട്ടതുമാണ് ഈ വാക്സിൻ.

​വാക്സിനേഷനെതിരെയുള്ള വ്യാജ പ്രചാരണങ്ങളും അടിസ്ഥാനരഹിതമായ ആശങ്കകളും പരിഹരിക്കുന്നതിനായി ജില്ലയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. ആശാ പ്രവർത്തകരുടെ വീടുതോറുമുള്ള സന്ദർശനം, വ്യക്തിഗത കൗൺസലിംഗ്, സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ, പോസ്റ്റർ പ്രചാരണം, മൈക്ക് അനൗൺസ്മെന്റുകൾ എന്നിവ ഇതിനായി വിപുലീകരിക്കും.​രക്ഷിതാക്കൾ സമൂഹമാധ്യമങ്ങളിലെ തെറ്റായ വിവരങ്ങളിൽ വഞ്ചിതരാകാതെ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു. സംശയ നിവാരണത്തിനായി അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളെയോ ആരോഗ്യപ്രവർത്തകരെയോ സമീപിക്കണം. ‘ശേഷിക്കുന്ന ഓരോ കുട്ടിയിലേക്കും എത്തുക’ എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ക്യാമ്പയിന് സമൂഹത്തിന്റെ പൂർണ്ണ പിന്തുണ അനിവാര്യമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *