പാടുവാനായ് വന്നു വീണ്ടും ചിറയ്ക്കൽ മഠത്തിലേയ്ക്ക്… കുംഭകോണം സംഗീതപരമ്പരയിലെ സുന്ദർരാജൻ

1
MUS

കൊച്ചി: അങ്കമാലി ചിറയ്ക്കൽ മഠത്തിൽ ഉണ്ണികൃഷ്ണൻ ഖത്തറിലെയും ദോഹയിലെയും മലയാളികൾക്കിടയിൽ അറിയപ്പെടുന്നത് ഇൻഷൂറൻസ് രംഗത്തെ ഉന്നതസ്ഥാനീയനായ ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ മാത്രമല്ല, സ്വന്തം നാടിന്റെ സാംസ്കാരിക പൈതൃകത്തെയും കഥകളിയെയും കർണ്ണാടകസംഗീതത്തെയും അത്രമേൽ ഇഷ്ടപ്പെടുന്ന ഒരു സഹൃദയനായ കലാസ്വാദകനായിട്ടുകൂടിയാണ്. ഖത്തർ ഇൻഷുറൻസ് കമ്പനി ഗ്രൂപ്പിന്റെ മെന ഓപ്പറേഷൻസിന്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സി.എം. ഉണ്ണികൃഷ്ണൻ പ്രവാസിയായിട്ട് പതിറ്റാണ്ടുകളായി. ദോഹയിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ അടക്കമുള്ള വിവിധ പ്രവാസി കൂട്ടായ്മകളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണദ്ദേഹം. ഔദ്യോഗിക ജീവിതത്തിരക്കുകൾക്കിടയിലും ഇടയ്ക്ക് കടുംബാംഗങ്ങളുമൊത്ത് സ്വന്തം തട്ടകമായ അങ്കമാലിയിൽ അവധിക്കാലം ചെലവഴിയ്ക്കാനെത്തുമ്പോൾ സ്വന്തം വീട്ടിൽ വിപുലമായ ഒരു സംഗീതസദസ്സ് സംഘടിപ്പിച്ച് ബന്ധമിത്രാദികളെ ക്ഷണിയ്ക്കുക പതിവാണ്. പ്രഗത്ഭരായ കലാകാരന്മാരെ സ്വന്തം ചെലവിൽ കൊണ്ടുവന്ന് പരിപാടിയവതരിപ്പിച്ച് ആസ്വാദകർക്ക് അവസരമൊരുക്കുക എന്നതിൽ തൃപ്തി കണ്ടെത്തുന്ന കലാരസികനാണ് സി.എം. ഉണ്ണികൃഷ്ണൻ.

ഇത്തവണയും ചിറയ്ക്കൽ മഠത്തിലൊരുക്കിയ സംഗീതസദസ്സിൽ പാടാൻ പ്രശസ്ത സംഗീതജ്ഞൻ ഡൽഹി പി. സുന്ദർരാജനെത്തി. 2025-ലും അദ്ദേഹമിവിടെയെത്തിയിരുന്നു. തമിഴ്‌നാട്ടിലെ കുംഭകോണം സംഗീതപാരമ്പര്യത്തിൽപ്പെടുന്നതും വേണുഗാന ചക്രവർത്തി ബ്രഹ്മശ്രീ ശരഭ ശാസ്ത്രികളുടെ പരമ്പരയിൽപ്പെട്ടതുമായ കുടുംബത്തിൽ പാട്ടുകാരനായി ജനിയ്ക്കാൻ ഭാഗ്യം സിദ്ധിച്ചയാളാണ് പരശുരാമൻ സുന്ദർ രാജൻ എന്ന ഡൽഹി പി. സുന്ദർ രാജൻ. സംഗീതഭൂഷണം വി. ജാനകിരാമന്റെ ശിക്ഷണത്തിൽ ആറാം വയസ്സിൽ വയലിൻ പഠനം ആരംഭിക്കുകയും എട്ടാം വയസ്സിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്ത ഇദ്ദേഹം ബാലപ്രതിഭയായി ഉയർന്നുവരുകയും, പതിമൂന്നാം വയസ്സിൽ പ്രായപരിധിയിൽ ഇളവു നേടി ഓൾ ഇന്ത്യ റേഡിയോയുടെ അംഗീകൃത കലാകാരനായി മാറുകയും ചെയ്തു. വയലിൻ സോളോ കച്ചേരികളിലും മുന്നണി സംഗീതജ്ഞരുടെ പക്കവാദ്യത്തിലും ഒരേപോലെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മദ്രാസ് മ്യൂസിക് അക്കാദമിയുടെ മികച്ച പക്കവാദ്യക്കാരനുള്ള പുരസ്കാരം തുടർച്ചയായി മൂന്നു വർഷം കരസ്ഥമാക്കിയ ഇദ്ദേഹം, റേഡിയോ സംഗീത സമ്മേളനം ഉൾപ്പെടെയുള്ള ദേശീയ-അന്തർദേശീയ സംഗീതോത്സവങ്ങളിൽ പങ്കെടുത്ത് മാധ്യമശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ്.

പ്രവാസിയായ സി.എം. ഉണ്ണികൃഷ്ണന്റെ അങ്കമാലിയിലെ വസതിയിൽ ഒരിടവേളയ്ക്ക് ശേഷം രണ്ടു ദിവസത്തെ സംഗീതവിരുന്നാണ് ആസ്വാദകർക്കായി ഒരുക്കിയത്. രണ്ടു ദിവസവും സുന്ദർരാജൻ കച്ചേരിയിൽ പാടി. ആദ്യ ദിവസത്തെ പരിപാടിയിൽ അദ്ദേഹത്തിന്റെ ജുഗൽബന്ദിക്കൊപ്പം കോട്ടക്കൽ മധു, നെടുമ്പിള്ളി രാംമോഹൻ എന്നിവർ ചേർന്നുള്ള കഥകളിപ്പദക്കച്ചേരിയും നടന്നു. ആറ്റുപുറം ബിജുവിന്റെ മദ്ദളവും പി. നന്ദകുമാറിന്റെ ഇടയ്ക്കയും ചടങ്ങിന് പശ്ചാത്തലവാദ്യങ്ങളായി. ശ്രുതിജ്ഞാനമുള്ള വാദ്യകലാകാരന്മാരുടെ സാന്നിധ്യം കഥകളിപ്പദക്കച്ചേരിയെ കർണാടക സംഗീതക്കച്ചേരിയുമായി സമരസപ്പെടുത്താൻ സഹായിച്ചു. രണ്ടാം ദിവസം ഡൽഹി പി. സുന്ദർരാജൻ തനിയെ അവതരിപ്പിച്ച സംഗീതക്കച്ചേരി അരങ്ങേറി. ത്യാഗരാജകൃതികൾക്കൊപ്പം സ്വാതിതിരുനാളിന്റെ “ഉത്സവപ്രബന്ധ”ത്തിലെ “കനകമയമായീടും” എന്ന ഹുസൈനി രാഗത്തിലുള്ള പദവും അദ്ദേഹം ആലപിച്ചു. ഇടപ്പള്ളി അജിത്ത്കുമാർ വയലിനിലും ബാലകൃഷ്ണക്കമ്മത്ത് മൃദംഗത്തിലും കച്ചേരിക്ക് അകമ്പടി സേവിച്ചു.

സഹ്യ ന്യൂസിലേക്ക് നിങ്ങൾക്കും വാർത്തകൾ അയക്കാം ഫോട്ടോയും വീഡിയോയും വാർത്തയും ഈ നമ്പറിലെ (+91 9497400104) വാട്സാപ്പിലേക്ക് നിങ്ങൾക്ക് അയക്കാവുന്നതാണ് അവ പരിശോധിച്ചതിനുശേഷം ഉടൻതന്നെ പബ്ലിഷ് ചെയ്യുന്നതാണ്

Spread the love

1 thought on “പാടുവാനായ് വന്നു വീണ്ടും ചിറയ്ക്കൽ മഠത്തിലേയ്ക്ക്… കുംഭകോണം സംഗീതപരമ്പരയിലെ സുന്ദർരാജൻ

  1. [6925]1bet Login PH – Legit Online Slots via GCash,Mag-1bet login ph na para sa legit online slots gcash. I-download ang 1bet app at alamin kung paano maglaro ng baccarat. Tara na at mag-register dito! visit: 1bet

Leave a Reply

Your email address will not be published. Required fields are marked *