കരുനാഗപ്പള്ളിയെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മന്ത്രി റോജി എം ജോണ്‍
കൊല്ലം: കരുനാഗപ്പള്ളിയെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. കരുനാഗപ്പള്ളി ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിങ് കോളേജില്‍ നടന്ന ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിങ് കോളേജ്, മോഡല്‍ പോളിടെക്നിക്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയെല്ലാമുള്ള കരുനാഗപ്പള്ളി ഇതിന് അനുയോജ്യമായ ഇടമാണ്. ഈ മൂന്ന് കോളേജുകളുടെയും വികസനത്തിന് ബഹുനിലക്കെട്ടിടങ്ങള്‍ വേണമെന്ന സി ആര്‍ മഹേഷ് എം എല്‍ എയുടെ അഭിപ്രായമുള്‍ക്കൊണ്ട് കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആര്‍ട്സ് കോളേജ് കെട്ടിടത്തിന്റെ നിര്‍മാണ പുരോഗതി മന്ത്രിയും എം എല്‍ എയും നേരിട്ട് കണ്ട് വിലയിരുത്തി. കേരളത്തിലെ കുട്ടികള്‍ക്ക് പഠിക്കുന്നതിനും വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇവിടേക്ക് കടന്നുവരാന്‍ പ്രേരണ നല്‍കുന്ന തരത്തിലും അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സി ആര്‍ മഹേഷ് എം എല്‍ എ പറഞ്ഞു. ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ ഡോ.രാജേഷ് എം വി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സ്മിതധരന്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
