കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ

കൊല്ലം: തൃക്കടവൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികളേയും മണിക്കൂറുകൾക്കകം പിടികൂടി അഞ്ചാലുംമൂട് പോലീസ്. അഞ്ചാലുംമൂട് തൃക്കടവൂർ ക്ഷേത്രത്തിലെ മൂന്നാം പാപ്പാനായ രാജു(41) നെ വാക്ക്തർക്കത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തുക്കളായിരുന്ന തൃക്കടവൂർ കീലാട്ട് പടിഞ്ഞാറ്റതിൽ വീട്ടിൽ ശിവദാസൻ പിള്ളയുടെ മക്കളായ ശ്യാംകുമാർ(41), മഹേഷ്(40) എന്നിവരാണ് അറസ്റ്റിലായത്.
സംഭവം നടന്ന ഉടൻ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത എം ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അഞ്ചാലുംമൂട് പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള കാര്യക്ഷമമായ അന്വേഷണമാണ് മണിക്കൂറുകൾക്കകം പ്രതികളെ രണ്ട് പേരെയും പിടികൂടാൻ ഇടയാക്കിയത്.
30.07.2026 രാത്രി 9.30 മണിയോടെ പ്രതിയായ ശ്യാംകുമാർ വിളിച്ചതിനെ തുടർന്ന് കടവൂർ സ്വദേശി നവീൻ കുമാറിനൊപ്പം തൃക്കടവൂർ കുതിരക്കടവിൽ എത്തിയതാണ് തൃക്കടവൂർ ക്ഷേത്രത്തിലെ മൂന്നാം പാപ്പാനായ രാജു. ഇവിടെ വച്ച് ഇവർ തമ്മിൽ വാക്ക്തർക്കം ഉണ്ടാവുകയും അത് ചോദ്യംചെയ്യ്ത രാജുവിനെ പ്രതിയായ ശ്യാംകുമാർ രണ്ടാം പ്രതിയായ മഹേഷിന്റെ സഹായത്തോടെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. വയറ്റിൽ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ രാജുവിനെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് കടവൂർ മാതാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊല്ലം എ.സി.പി ഷാജി എസ് ന്റെ മേൽനോട്ടത്തിൽ അഞ്ചാലുംമൂട് ഇൻസ്‌പെക്ടർ അജയകുമാർ, എസ്.ഐ മാരായ പ്രതിഭ, പ്രദീപ്, എ.എസ്.ഐ മാരായ ഷഹീർ, ഡെൽഫിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ്, മഹേഷ്, പ്രവീൺ,ശിവകുമാർ,റഫീഖ്, റോസി സേവിയർ, സിവിൽ പോലീസ് ഓഫീസർമാരായ സുനിലാൽ, ഷിജോ ജോയ്, അരുൺ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
