പ്രളയബാധിത പ്രദേശങ്ങളിലെ ക്ഷീരകർഷകർക്ക് കേരള ഫീഡ്സിന്റെ സൗജന്യ കാലിത്തീറ്റ വിതരണം

കൊല്ലം : പ്രളയബാധിത മേഖലകളിലെ ക്ഷീരകർഷകരെ സഹായിക്കുന്നതിനായി കേരള ഫീഡ്സ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ സൗജന്യ കാലിത്തീറ്റ വിതരണം ചെയ്തു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അടിയന്തിര സഹായം ലഭ്യമാക്കിയത്. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന ക്ഷീരകർഷകർക്കായാണ് ₹2,31,000 രൂപ വിലമതിക്കുന്ന 150 ചാക്ക് ‘കേരള ഫീഡ്സ് എലൈറ്റ്’ കാലിത്തീറ്റയാണ് സൗജന്യമായി വിതരണം ചെയ്തത്. കേരള ഫീഡ്സ് കരുനാഗപ്പള്ളി യൂണിറ്റിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ഡോ. ബി. ശ്രീകുമാർ കാലിത്തീറ്റ കയറ്റിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.
മുൻവർഷങ്ങളിലും സമാനമായ പ്രകൃതിദുരന്തങ്ങൾ ഉണ്ടായ വേളകളിൽ ക്ഷീരമേഖലയെ ചേർത്തുപിടിക്കുന്ന നിലപാടാണ് കേരള ഫീഡ്സ് സ്വീകരിച്ചിട്ടുള്ളതെന്ന് എം.ഡി. വ്യക്തമാക്കി. വിപണിയിൽ നിലവിൽ ലഭ്യമായതിൽ ഏറ്റവും ഗുണമേന്മയുള്ളതും എന്നാൽ ഏറ്റവും കുറഞ്ഞ വിലയിലുള്ളതുമായ കാലിത്തീറ്റ കേരള ഫീഡ്സിന്റേതാണെന്ന് ക്ഷീരകർഷകർ സാക്ഷ്യപ്പെടുത്തുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ക്ഷീരകർഷകർക്ക് ആശ്വാസമേകാൻ കമ്പനി എന്നും മുന്നിലുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ചടങ്ങിൽ കമ്പനി മാനേജിംഗ് ഡയറക്ടർ ഡോ. ബി. ശ്രീകുമാർ, ഡെപ്യൂട്ടി മാനേജർ(മാർക്കറ്റിംഗ്) ഷൈൻ.എസ്.ബാബു, പ്ലാന്റ് എഞ്ചിനീയർ വരുൺ ഹർഷൻ, മറ്റു കമ്പനി ഉദ്യോഗസ്ഥരും വിവിധ ട്രേഡ് യൂണിയൻ നേതാക്കളും പങ്കെടുത്തു.
