പെരുമ്പാവൂർ ഐരാപുരത്ത്  കെ.സി.എ.യുടെ ക്രിക്കറ്റ് സെന്റർ വരുന്നു

0
IMG 20260730 WA0002

കൊച്ചി / പെരുമ്പാവൂർ: ക്രിക്കറ്റ് കളിക്കാർക്കും ആരാധകർക്കും സന്തോഷിയ്ക്കാനുള്ള വകയുണ്ട്. പെരുമ്പാവൂർ ഐരാപുരത്ത് കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ക്രിക്കറ്റ് സെന്റർ വരുന്നു. സംസ്ഥാനത്തുടനീളം ക്രിക്കറ്റിന്റെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെയും ഗ്രാമീണമേഖലകളിൽ നിന്ന് മികച്ച കായികപ്രതിഭകളെ വാർത്തെടുക്കുന്നതിന്റെയും ഭാഗമായി പെരുമ്പാവൂർ ഐരാപുരം ശ്രീശങ്കര വിദ്യാപീഠം കോളേജിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) അത്യാധുനിക സജ്ജീകരണങ്ങളോടെ പുതിയ ക്രിക്കറ്റ് സെന്റർ നിർമ്മിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ശ്രീശങ്കര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 11 ഏക്കറോളം വരുന്ന ഭൂമി 2026 ജൂലൈ 31 മുതൽ 2059 ജൂലൈ 31 വരെയുള്ള 33 വർഷത്തെ കാലാവധിയിലാണ് കെ.സി.എ. പാട്ടത്തിനെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച കരാറിൽ ശ്രീ ശങ്കര ട്രസ്റ്റ് ചെയർമാൻ അഡ്വ. ശംഭു നമ്പൂതിരി വി, മാനേജർ പ്രൊഫ. ഡോ. ഇ. കൃഷ്ണൻ നമ്പൂതിരി, കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവർ ഒപ്പുവെച്ചു. സ്ഥലം ഏറ്റെടുത്ത് രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ രണ്ട് കൂറ്റൻ ക്രിക്കറ്റ് ഗ്രൗണ്ടുകളാണ് നിർമ്മിക്കുന്നത്; ഇതിൽ ഒന്നാമത്തെ ഗ്രൗണ്ട് പൂർണ്ണമായും ക്രിക്കറ്റ് മത്സരങ്ങൾക്കും, പവലിയൻ, ഇൻഡോർ-ഔട്ട്ഡോർ പരിശീലന സംവിധാനങ്ങൾ, ക്യാമറ ടവറുകൾ, സൈറ്റ് സ്ക്രീനുകൾ, ഓഫീസുകൾ തുടങ്ങിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾക്കുമായി മാറ്റിവെക്കുമ്പോൾ, രണ്ടാമത്തെ ഗ്രൗണ്ട് കോളേജിന്റെയും ട്രസ്റ്റിന്റെയും മറ്റ് കായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. കേരളത്തിൽ നിന്ന് കൂടുതൽ ദേശീയ-അന്തർദേശീയ താരങ്ങളെ സൃഷ്ടിക്കാനും ക്രിക്കറ്റ് പരിശീലനം കൂടുതൽ പ്രൊഫഷണലാക്കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായരും സെക്രട്ടറി വിനോദ് എസ്. കുമാറും വ്യക്തമാക്കി.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *