ഇത്തിഹാദ് റെയിൽ: ടിക്കറ്റ് ബുക്കിങ് തുടങ്ങി, 50% ഇളവ്

അബുദാബി : യുഎഇയിൽ ഇത്തിഹാദ് റെയിലിന്റെ യാത്രാ സർവീസുകൾക്കായുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ചു. വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് യാത്രക്കാരെ ആകർഷിക്കുന്നതിനായി ഉദ്ഘാടന ദിവസം ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 30-നാണ് അബുദാബി – ഫുജൈറ റൂട്ടിലെ ആദ്യ ട്രെയിൻ സർവീസ് പൊതുജനങ്ങൾക്കായി ആരംഭിക്കുന്നത്. ഈ റൂട്ടിൽ ഇരുവശങ്ങളിലേക്കുമായി പ്രതിദിനം മൂന്ന് നേരിട്ടുള്ള (Direct) സർവീസുകളാണ് വെബ്‌സൈറ്റിൽ കാണിക്കുന്നത്.ഇളവുകൾ ലഭിക്കുന്നതോടെ അബുദാബിയിൽ നിന്ന് ഫുജൈറയിലേക്ക് കംഫർട്ട് ക്ലാസ് ടിക്കറ്റുകൾ 55 ദിർഹത്തിന് ലഭ്യമാകും (യഥാർത്ഥ നിരക്ക് 109 ദിർഹം). പ്രീമിയം ക്ലാസ് ടിക്കറ്റുകൾ 120 ദിർഹത്തിനും ബുക്ക് ചെയ്യാം (യഥാർത്ഥ നിരക്ക് 239 ദിർഹം). ഇത്തിഹാദ് റെയിലിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഉപഭോക്താക്കൾക്ക് തങ്ങൾക്കാവശ്യമായ സീറ്റുകൾ തെരഞ്ഞെടുക്കാം.
അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലുള്ള സ്റ്റേഷനിൽ നിന്നും രാവിലെ 8.19, ഉച്ചയ്ക്ക് 1.53, വൈകുന്നേരം 6.39 എന്നീ സമയങ്ങളിലാണ് ഫുജൈറയിലേക്കുള്ള ട്രെയിനുകൾ പുറപ്പെടുക. തിരിച്ചുള്ള സർവീസുകൾ ഫുജൈറയിലെ അൽ ഹിലാൽ സിറ്റി സ്റ്റേഷനിൽ നിന്നും രാവിലെ 5.34, 10.59, വൈകുന്നേരം 5.28 എന്നീ സമയങ്ങളിൽ ആരംഭിക്കും. രണ്ട് സ്റ്റേഷനുകളും ആഴ്ചയിൽ എല്ലാ ദിവസവും പുലർച്ചെ 5 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിക്കും. മികച്ച സീറ്റിംഗ് സൗകര്യങ്ങൾ, സൌജന്യ വൈഫൈ, കഫേകൾ, പ്രാർത്ഥനാ മുറികൾ എന്നിവയടക്കം അത്യാധുനിക സജ്ജീകരണങ്ങളാണ് സ്റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ളത്.
