ഇന്ന് പത്ത് വർഷം : മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം യഥാര്‍ത്ഥ്യത്തില്‍ ഫലം കണ്ടോ?
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കിയ നോട്ട് നിരോധനത്തിന് ഇന്ന് 10 വര്‍ഷം. 2016 നവംബര്‍ 8 നു രാത്രി 8 മണിക്കാണ് അപ്രതീക്ഷിതമായ ആ പ്രഖ്യാപനം വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ദൂരദര്ശനത്തില് തത്സമയം എത്തുന്നു. പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ പ്രധാനപ്പെട്ട വിവരം പറയാനാണ് ഞാന്‍ ഈ സമയത്ത് തത്സമയം എത്തിയതെന്ന ആമുഖത്തോടെ തുടങ്ങിയ പ്രധാനമന്ത്രി, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ചും, പണപ്പെരുപ്പത്തെയും കുറിച്ചും വാചാലനായി. പിന്നീട് നേരെ വിഷയത്തിലേക്കും.
രാജ്യത്തെ 500, 1000 നോട്ടുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അതായത് 12 മണി മുതല്‍ വെറും കടലാസ് മാത്രമായി മാറുമെന്ന് പ്രഖ്യാപനം നടത്തുന്നു. ഈ രണ്ട് നോട്ടുകളും നിയമപരമല്ലാത്ത കറന്‍സിയായി മാറുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ വാര്‍ത്ത കോടിശ്വരന്മാരെ മുതല്‍ പാവപ്പെട്ടവരെ പോലും ഞെട്ടിച്ചു. അന്ന് ജോലി ചെയ്ത് കിട്ടിയ പണം നാളെ മുതല്‍ മൂല്യമില്ലാത്ത വെറും കടലാസ് ആയെന്ന തിരിച്ചറിവില്‍ പലരും മോഹാലസ്യപ്പെട്ടു വീണു, പലരും പണം കൈയിലെടുത്ത് വിലപിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.
കള്ളപ്പണം തടയുക, കള്ളനോട്ടുകളുടെ വിതരണം അവസാനിപ്പിക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ഇല്ലാതാക്കുക, അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നിവയായിരുന്നു നോട്ട് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി അക്കമിട്ട് വാദങ്ങള്‍ നിരത്തി. 500 രൂപയുടെ പുതിയ നോട്ടുകളും അതോടൊപ്പം ആദ്യമായി 2000 രൂപയുടെ പുതിയ നോട്ടുകളും റിസര്‍വ് ബാങ്ക് പുറത്തിറക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കയ്യിലുള്ള പഴയ നോട്ടുകള്‍ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നിക്ഷേപിക്കുന്നതിനായി 2016 ഡിസംബര്‍ 30 വരെ (50 ദിവസത്തെ സമയം) പൊതുജനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
