ശബരിമലയിലെ കുറവുകള്‍ ശ്രദ്ധയില്‍പ്പെടുത്തി : തര്‍ക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ തര്‍ക്കങ്ങളില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ശബരിമല സീസണിന് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടക്കുന്ന സമയത്ത് ബോര്‍ഡിനെ മാറ്റാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നീക്കവുമില്ല. ഈ സമയത്താണോ ബോര്‍ഡിനെ മാറ്റുന്നത്?നിലവിലുള്ള ബോര്‍ഡ് നില്‍ക്കുകയല്ലേ. ശബരിമലയിലെ ചുമതല ദേവസ്വം ബോര്‍ഡിനാണെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടാര്‍ജറ്റ് ഫിക്‌സ് ചെയ്തു കൊടുത്തിട്ടുണ്ട്. ചില കാര്യങ്ങളില്‍ കാലതാമസം സംഭവിച്ചിട്ടുണ്ട്. ശബരിമല സീസണ്‍ സമയത്ത് ദേവസ്വം ബോര്‍ഡും സര്‍ക്കാരും തമ്മില്‍ തര്‍ക്കത്തിനൊന്നും പോകില്ല. അവിടെയുള്ള കുറവ് ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ കൃത്യമായി മോണിറ്ററിങ് ചെയ്യുന്നുണ്ട്. ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്ന് മുന്‍കൂട്ടി ചെയ്യേണ്ട ചില കാര്യങ്ങളില്‍ ഇടനിലക്കാര്‍ ഉണ്ട്, ഇടത്തട്ടുകാര്‍ ഉണ്ട്, അവരൊക്കെ കൂടി ചില കളികള്‍ കളിക്കുന്നുണ്ട് എന്നാണ് ദേവസ്വം ബോര്‍ഡ് ധരിപ്പിച്ചിരിക്കുന്നത്. അതൊന്നും സമ്മതിക്കില്ല എന്ന് പറഞ്ഞ് ദേവസ്വം ബോര്‍ഡ് തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും നല്‍കും’- വി ഡി സതീശന്‍ തുടര്‍ന്നു.
ചാലക്കയത്ത് നിന്ന് പോകുന്ന റോഡ് വലിയ പ്രാധാന്യമുള്ളതാണ് എന്ന് പറഞ്ഞു. അഞ്ചു കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം നടത്തണമെന്ന് പറഞ്ഞു. ഉടന്‍ തന്നെ നടപടി സ്വീകരിച്ചു. ശബരിമല സീസണില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശബരിമലയിലേക്കുള്ള റോഡ് നിര്‍മ്മാണത്തിന് 600 കോടിയില്‍പ്പരം രൂപ സര്‍ക്കാര്‍ അനുവദിച്ചു. അവിടെ തീര്‍ഥാടകര്‍ക്ക് ആവശ്യമായ എന്ത് സൗകര്യം ഒരുക്കാനും സര്‍ക്കാര്‍ തയ്യാറാണ്. ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടുന്ന കാര്യത്തിനും സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. തീര്‍ഥാടന കാലം പരാതികള്‍ ഇല്ലാതെ കൊണ്ടുപോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പമ്പയില്‍ ഞാന്‍ തന്നെ പോയി നേരിട്ട് ഒരു മീറ്റിങ് നടത്തും. കഴിഞ്ഞ മീറ്റിങ്ങില്‍ എടുത്ത തീരുമാനം സമയബന്ധിതമായി പൂര്‍ത്തിയായിട്ടുണ്ടോ എന്ന് പരിശോധിക്കും- വി ഡി സതീശന്‍ വ്യക്തമാക്കി
