ദില്ലിയിൽ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി എസ് രാജേന്ദ്രൻ, പിന്നിലെന്ത്
ദില്ലി: സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ വീണ്ടും. ദില്ലിയിലെത്തി എസ് രാജേന്ദ്രൻ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പുതിയ റിപ്പോർട്ട്. പ്രകാശ് ജാവദേക്കറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയതോടെയാണ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ഇപ്പോള്‍ വീണ്ടും ശക്തമായത്.
എസ്.രാജേന്ദ്രൻ ദില്ലിയിലെ പ്രകാശ് ജാവദേക്കറുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.ഇന്ന് ഉച്ചക്കുശേഷമാണ് കൂടിക്കാഴ്ച നടന്നത്.തമിഴ്നാട്ടിലെ നേതാക്കളും കൂടെയുണ്ടായിരുന്നു. കൂടിക്കാഴ്ചക്കുശേഷം എസ് രാജേന്ദ്രൻ ദില്ലിയില്‍ തുടരുകയാണിപ്പോൾ.20 മിനുട്ടോളം കൂടിക്കാഴ്ച നീണ്ടുവെന്നും കെ. സുരേന്ദ്രൻ അടക്കമുള്ള നേതാക്കളും ദില്ലയിലുണ്ടെന്നും പറയുന്നു. കേന്ദ്ര നേതാക്കളുമായി കെ സുരേന്ദ്രൻ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തുന്നുണ്ട് ഈ കാര്യത്തിൽ. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുകയെന്നാണ് വിവരം.
എന്നാൽ സൗഹൃദ സന്ദർശനം മാത്രമാണെന്നും, ബിജെപിയിൽ ചേരാൻ ഉദ്ദേശിച്ചിട്ടില്ലെന്നും എസ്. രാജേന്ദ്രൻ പറയുന്നു. പ്ലാന്റേഷൻ വിഷയവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയത്. സിപിഐഎമ്മുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിച്ച ശേഷം അംഗത്വം പുതുക്കുമെന്നും അദ്ദേഹം പറയുന്നത്.
ബിജെപിയുടെ കേരളത്തിലെ സംഘടാന ചുമതലയുള്ള നേതാവാണ് ജാവദേക്കര്‍.കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിനെ ബിജെപി സ്വീകരിക്കുന്ന ചടങ്ങില്‍ ഉള്‍പ്പെടെ പങ്കെടുത്ത മുതിര്‍ന്ന നേതാവാണ് രാജ്യസഭാ എംപികൂടിയായ പ്രകാശ് ജാവദേക്കര്‍. നേരത്തെ ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ദേവികുളം മുൻ എംഎല്‍എ എസ്. രാജേന്ദ്രൻ എല്‍ഡിഎഫ് കണ്‍വെൻഷനില്‍ പങ്കെടുത്തിരുന്നു. മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലായിരുന്നു കണ്‍വെന്‍ഷനില്‍ രാജേന്ദ്രൻ പങ്കെടുത്തത്. ഇതോടെയാണ് ബിജെപിയിലേക്ക് എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലികമായി വിരാമിറ്റെങ്കിലും ഇപ്പോൾ വീണ്ടും അഭ്യൂഹങ്ങൾ തുടരുകയാണ്. പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എസ് രാജേന്ദ്രൻ, പക്ഷേ പാര്‍ട്ടി അംഗത്വം പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പഴും പ്രതികരിച്ചിട്ടില്ല.
ദിവസങ്ങള്‍ക്ക് മുമ്പ് ഇടുക്കിയിലെ മുതിര്‍ന്ന സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയും, സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസും രാജേന്ദ്രനുമായി വീട്ടിലെത്തി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പരിപാടിയില്‍ എസ് രാജേന്ദ്രൻ പങ്കെടുത്തത്.