യുഎഇയില്‍ പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും
ദുബായ്: യുഎഇയില്‍ ആത്മഹത്യാശ്രമങ്ങള്‍ ഇനി ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി കണക്കാക്കില്ല. രാജ്യത്തെ കുറ്റകൃത്യങ്ങളും ശിക്ഷകളും സംബന്ധിച്ച നിയമത്തില്‍ യുഎഇ സര്‍ക്കാര്‍ ഭേദഗതി വരുത്തി വ്യാഴാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പുതിയ ഫെഡറല്‍ നിയമത്തിലൂടെ മാനസികാരോഗ്യ പിന്തുണയും മുന്‍കരുതലും പരിചരണവും ഉറപ്പാക്കുന്ന മാനുഷിക സമീപനമാണ് യുഎഇ സ്വീകരിച്ചിരിക്കുന്നത്. നിയമനടപടികളെക്കുറിച്ചുള്ള ഭയം കാരണം മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ ചികിത്സയും സഹായവും തേടാന്‍ മടിക്കുന്നത് ഒഴിവാക്കാനും, ഇത്തരക്കാരെ കുറ്റവാളികളായി കാണാതെ വൈദ്യസഹായം നല്‍കി മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാനുമാണ് സര്‍ക്കാരിന്റെ നീക്കം.
ആത്മഹത്യാശ്രമം കുറ്റമുക്തമാക്കിയെങ്കിലും, മറ്റൊരാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയോ അതിനായി സഹായിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ഭേദഗതിയില്‍ കടുത്ത ശിക്ഷാനടപടികളാണ് വ്യവസ്ഥ ചെയ്യുന്നത്. പ്രേരണ നല്‍കിയതിനെ തുടര്‍ന്ന് ആത്മഹത്യാശ്രമം നടത്തുകയും എന്നാല്‍ കഠിനമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെടുകയും ചെയ്താല്‍ പ്രേരിപ്പിച്ചയാള്‍ക്ക് തടവും പിഴയും ലഭിക്കും. ആത്മഹത്യാശ്രമം കാരണം സ്ഥിരമായ അംഗവൈകല്യമോ 20 ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ കഴിയാത്തവിധം ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍, പ്രേരണ നല്‍കിയ വ്യക്തിക്ക് 3 മുതല്‍ 5 വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും.
ആത്മഹത്യാ പ്രേരണ കാരണം വ്യക്തി മരിക്കുകയാണെങ്കില്‍ 5 മുതല്‍ 7 വര്‍ഷം വരെയാണ് തടവുശിക്ഷ. ഒരു വ്യക്തി ആത്മഹത്യയ്ക്ക് പ്രേരണ നല്‍കിയ ശേഷം സ്വന്തം ഇഷ്ടപ്രകാരം ഇടപെട്ട് ജീവന്‍ രക്ഷിക്കുകയാണെങ്കില്‍ കോടതിക്ക് അയാള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ഭേദഗതി അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ ഈ സമയത്ത് ഇരയ്ക്ക് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ടെങ്കില്‍ ഈ ഇളവ് ലഭിക്കില്ല. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെയോ മാനസിക വളര്‍ച്ചയില്ലാത്തവരെയോ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയാണെങ്കില്‍ ഇത് കൊലപാതക കുറ്റത്തിനോ കൊലപാതക ശ്രമത്തിനോ തുല്യമായി കണക്കാക്കും. കൂടാതെ, ആത്മഹത്യാ പ്രേരണാ കേസില്‍ ശിക്ഷിക്കപ്പെടുന്ന വിദേശികളെ രാജ്യത്തുനിന്ന് നിര്‍ബന്ധമായും നാടുകടത്താനും പുതിയ നിയമം അനുശാസിക്കുന്നു.
