ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം : കോൺഗ്രസിനും ലീഗിനും വിമർശനം

5
HOWSE

കൽപ്പറ്റ: ചൂരൽമല–മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസും മുസ്‌ലിം ലീഗും പ്രഖ്യാപിച്ച ഭവനപദ്ധതികൾ നിർമാണം വൈകുന്നതിൽ വിമർശനം ശക്തമാകുന്നു. കോൺഗ്രസ് പ്രഖ്യാപിച്ച ആദ്യഘട്ടത്തിലെ 18 വീടുകളിൽ ഏഴെണ്ണത്തിന്റെ നിർമാണം മാത്രമാണ് തുടങ്ങിയിട്ടുള്ളത്. ഇവയുടെ പണി കട്ട കെട്ടൽ ഘട്ടത്തിൽ നിൽക്കുകയാണ്. ബാക്കിയുള്ള 11 വീടുകളുടെ തറക്കല്ലിടൽ പോലും പൂർത്തിയായിട്ടില്ല. വീടുകളുടെ വാർപ്പ് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിൽനിന്ന് ഇതുവരെ അറിയിപ്പും ഉണ്ടായിട്ടില്ല.

എട്ടുസെന്റ് സ്ഥലത്ത് 1,100 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഓരോ വീടും നിർമിക്കുന്നത്. മൂന്ന് കിടപ്പുമുറികൾ, രണ്ട് ബാത്ത്റൂമുകൾ, സിറ്റൗട്ട്, ഹാൾ തുടങ്ങിയ സൗകര്യങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 18 വീടുകളിൽ പകുതിയോളം വീടുകളുടെ നിർമാണം പോലും ആരംഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ചൂരൽമല–മുണ്ടക്കൈ പുനരധിവാസം വൈകുന്നതിൽ സ്ഥലം എംപി പ്രിയങ്ക ഗാന്ധിയും നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ദുരന്തബാധിതർക്കായി കോൺഗ്രസ് ആദ്യം പ്രഖ്യാപിച്ചത് 100 വീടുകളാണ്. പിന്നീട് യൂത്ത് കോൺഗ്രസ് 30 വീടുകൾ കൂടി പ്രഖ്യാപിച്ചെങ്കിലും ഈ വീടുകൾ കോൺഗ്രസിന്റെ 100 വീടുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. ഇതോടെ ആകെ വീടുകളുടെ എണ്ണത്തിൽ വ്യക്തതയില്ലെന്ന വിമർശനവും ഉയർന്നിരുന്നു.

മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച 105 വീടുകളുടെ രണ്ടാംഘട്ട നിർമാണം വൈകുന്നതിലും വിമർശനം ശക്തമാണ്. ആദ്യഘട്ടത്തിലെ 51 വീടുകൾ ഫെബ്രുവരി 28ന് വിപുലമായ ചടങ്ങിലാണ് കൈമാറിയത്. തുടർന്ന് 25 വീടുകൾ ജൂൺ 15നകം കൈമാറുമെന്നും ശേഷിക്കുന്ന വീടുകൾ സെപ്റ്റംബർ 30നകം പൂർത്തിയാക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ പ്രഖ്യാപിച്ച സമയപരിധി പിന്നിട്ടിട്ടും രണ്ടാംഘട്ടത്തിലെ വീടുകളുടെ നിർമാണം പൂർത്തിയാക്കാനായിട്ടില്ല. ഇതോടെ ദുരന്തബാധിതർക്കായി രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിച്ച ഭവനപദ്ധതികൾ തന്നെ പ്രഖ്യാപനങ്ങൾക്കപ്പുറം എത്രത്തോളം വേഗത്തിൽ മുന്നോട്ടുപോകുന്നുവെന്ന ചോദ്യം ഉയരുകയാണ്.

Spread the love

5 thoughts on “ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം : കോൺഗ്രസിനും ലീഗിനും വിമർശനം”

Leave a Reply

Your email address will not be published. Required fields are marked *