നെയ്മീന് പിടിക്കുന്നതിനും വില്‍ക്കുന്നതിനും നിരോധനം

മസ്കത്ത്: ഒമാന്‍ തീരങ്ങളില്‍ നെയ്മീന് പിടിക്കുന്നതിനും വിപണനം നടത്തുന്നതിനും നിരോധനം. ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 വരെ രണ്ടു മാസത്തേക്കാണ് വിലക്കെന്ന് ഒമാന്‍ കൃഷി, ജലവിഭവ മന്ത്രാലയം അറിയിച്ചു. കടലിലെ മത്സ്യസമ്പത്തിന്റെ സംരക്ഷണവും നെയ്മീനുകളുടെ സ്വാഭാവിക പ്രജനനവും ഉറപ്പാക്കുന്നതിനാണ് ഈ നിയന്ത്രണം.
നെയ്മീന് സമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യബന്ധന മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമാണ് നടപടി. അക്വാട്ടിക് റിസോഴ്സ് നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ (178) അനുസരിച്ചാണ് മന്ത്രാലയം ഈ നിയന്ത്രണം നടപ്പിലാക്കുന്നത്. ഒമാന്റെ മത്സ്യബന്ധന മേഖലയില്‍ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക മൂല്യമുള്ള മല്‍സ്യങ്ങളിലൊന്നാണ് നെയ്മീന്.
19,743 ടണ്‍ നെയ്മീന് മത്സ്യമാണ് കഴിഞ്ഞ വര്‍ഷം ഒമാനില്‍ ഉല്‍പ്പാദിപ്പിച്ചത്. ഇതിന്റെ ആകെ വിപണി മൂല്യം 4.44 കോടി ഒമാനി റിയാലാണ് (ഏകദേശം 4.4422 കോടി ഒമാനി റിയാല്‍). കിലോഗ്രാമിന് ശരാശരി 2.25 റിയാല്‍ നിരക്കിലായിരുന്നു വില്‍പ്പന. ഒമാന്റെ ആകെ നെയ്മീന് ഉല്‍പ്പാദനത്തിന്റെ 83.47 ശതമാനവും അല്‍ വുസ്ത, സൗത്ത് ശര്‍ഖിയ എന്നീ രണ്ട് പ്രവിശ്യകളില്‍ നിന്നാണ്. ഇതില്‍ 41% വും അല്‍ വുസ്തയില്‍ നിന്നും 41% സൗത്ത് ശര്‍ക്കിയയില്‍ നിന്നും ലഭിക്കുന്നു.
നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍, വിതരണക്കാര്‍, കച്ചവടക്കാര്‍, കയറ്റുമതിക്കാര്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവര്‍ നെയ്മീന് പിടിക്കാനോ വില്‍ക്കാനോ സൂക്ഷിച്ചു വെക്കാനോ പാടില്ല. നിലവില്‍ നെയ്മീന് ശേഖരമുള്ള വ്യാപാരികളും വ്യക്തികളും നിശ്ചിത സമയത്തിനകം ബന്ധപ്പെട്ട മന്ത്രാലയ അധികൃതര്‍ക്ക് മുമ്പാകെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികളും പിഴയും ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി.
