ഹെലികോപ്റ്ററിൽ കൊച്ചിയില്‍ വന്നത് ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പിനെ കാണാന്‍ : മുഖ്യമന്ത്രി

0
VDSSS

തിരുവനന്തപുരം: താന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. കൊച്ചിയിലെത്തിയ ഒരു ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പിനെ കാണാനാണ് ഹെലികോപ്റ്ററില്‍ വന്നത്. രാത്രി കാണാനായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. അതിനായി വന്ദേഭാരതില്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ആ സംഘത്തിന് സന്ധ്യയ്ക്ക് ഡല്‍ഹിയിലേക്ക് തിരിച്ചു പോകണമെന്ന് അറിയിച്ചു. അതേത്തുടര്‍ന്നാണ് ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് പോയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ടശേഷമാണ് ഈ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ് കൊച്ചിയിലെത്തിയത്. കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാന്‍ തമിഴ്നാട് ശ്രമിക്കുന്നതിനിടയില്‍ താന്‍ അവരെ കാണാതിരിക്കുന്നത് സംസ്ഥാനത്തിന് ദോഷകരമാകുമെന്ന് കരുതിയാണ് ഹെലികോപ്റ്റര്‍ യാത്ര നടത്തിയത്. അവരെ കണ്ടില്ലെങ്കില്‍ പിന്നെ അതും ആക്ഷേപത്തിന് കാരണമാകും. സമയക്കുറവ് മൂലമാണ് വന്ദേഭാരതില്‍ പോകാനുള്ള പ്ലാന്‍ മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിലൂടെ സര്‍ക്കാരിന് ഒരു രൂപയുടെ പോലും അധികച്ചെലവ് ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രതിമാസം 80 ലക്ഷം രൂപ വാടക നല്‍കി 25 മണിക്കൂര്‍ സൗജന്യമായി പറക്കാന്‍ കരാറുള്ള ഹെലികോപ്റ്ററാണ് താന്‍ ഉപയോഗിച്ചത്. ഈ 25 മണിക്കൂര്‍ ഉപയോഗിച്ചില്ലെങ്കിലും സര്‍ക്കാരിന് 80 ലക്ഷം രൂപ നല്‍കേണ്ടതുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അടുത്ത സെപ്റ്റംബര്‍ വരെയാണ് ഈ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിട്ടിരിക്കുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയോ മന്ത്രിമാരോ വളരെ കുറഞ്ഞ മണിക്കൂറുകള്‍ മാത്രമാണ് ഇത് ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ സാമ്പത്തിക നഷ്ടത്തിന്റെ ചോദ്യമേ ഉദിക്കുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *