അന്താരാഷ്ട്ര ശ്രേഷ്ഠാചാര്യ പുരസ്കാരവും ഗുരുദക്ഷിണയും ഹൃദയകുമാരിയ്ക്ക്

കൊച്ചി/പെരുമ്പാവൂർ: പുരാണ പാരായണത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ആധ്യാത്മിക രംഗത്ത് ശ്രദ്ധേയയായ ഹൃദയകുമാരിയ്ക്ക് ശതാബ്ദി നിറവിൽ ആദരം. അന്തരിച്ച പ്രശസ്ത കവയത്രി സുഗതകുമാരിയുടെ കുടുംബാംഗമായ പി.കെ. ഹൃദയകുമാരിയെ ശ്രീമദ് നാരായണീയ അന്താരാഷ്ട്ര ശ്രേഷ്ഠാചാര്യ പുരസ്കാരവും ഗുരുദക്ഷിണയും നൽകിയാണ് ആദരിക്കുന്നത്. കലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രശാന്തി വിശ്വഭാരതദർശന സേവാട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തോട്ടുവാ ശ്രീധന്വന്തരിമൂർത്തി ക്ഷേത്രത്തിൽ ഓഗസ്റ്റ് 3-നാണ് പുരസ്കരദാനച്ചടങ്ങ്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പരിപാടികൾ. ക്ഷേത്രം മേൽശാന്തി കൊരമ്പൂര് മന കെ.ജി. ആനന്ദ് നമ്പൂതിരി ഭദ്രദീപം തെളിയിക്കും. തുടർന്ന് യജ്ഞാചാര്യ മല്ലികാദേവിയുടെ ശ്രീമദ്നാരായണീയ പാരായണം.
10ന് ധന്വന്തരിമൂർത്തി സേവാട്രസ്റ്റ് സെക്രട്ടറി കെ. എസ്. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിക്കുന്ന പുരസ്കാരദാനച്ചടങ്ങിൽ പ്രൊഫ. വി.പി. മുരളീധരൻ പിള്ള സ്വാഗതം പറയും. ഭാഗവതശ്രീ ഇ.ആർ.സി. നായർ മുഖ്യപ്രഭാഷണം നടത്തും. പ്രശാന്തി വിശ്വഭാരതദർശന സേവാട്രസ്റ്റ് മാനേജിംഗ് ആർ. നാരായണപിള്ള പുരസ്കാരം സമ്മാനിക്കും. തുടർന്ന് ഭൂവനേശ്വരിക്കുഞ്ഞമ്മയുടെ കീർത്തനാലാപനം. അകനാട് ജനരക്ഷകേശ്വരി ക്ഷേത്രം കാര്യദർശി അംബികാദേവി അന്തർജ്ജനം, കൂവപ്പടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സെൽവരാജ്, ശബരിമല മുൻമേൽശാന്തി ആത്രശ്ശേരി രാമൻ നമ്പൂതിരി, വൽസല നന്ദനൻ, ഭാഗവതശ്രീ കേശവദാസ്, പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർസെക്കന്ററി സ്‌കൂൾ ഹെഡ്മിസ്ട്രസ് ബിന പി.സി., കെ.എസ്.എസ്.പി.യു. കൂവപ്പടി മേഖലാ വൈസ് പ്രസിഡന്റ് എം.ബി. ശശിധരൻ എന്നിവർ ആശംസകളർപ്പിക്കും. എസ്. വേണുഗോപാൽ നന്ദി രേഖപ്പെടുത്തും.
പ്രതിഫലേച്ഛ കൂടാതെ കേരളത്തിനകത്തും പുറത്തും നാരായണീയ സത്സംഗങ്ങൾക്കും ഭാഗവതസപ്താഹങ്ങൾക്കും നേതൃത്വം നൽകി വരുന്ന ഹൃദയകുമാരി ഇരുപത്തഞ്ചു വർഷത്തിലേറെയായി ഈ രംഗത്ത് ആചാര്യസ്ഥാനീയയാണ്. കേരളത്തിലുടനീളം രണ്ടായിരത്തിലേറെപ്പേർ ശിഷ്യഗണങ്ങളായുണ്ട്. 2000-ൽ അഖിലകേരള നാരായണീയ പുരസ്കാരവും ഇടപ്പള്ളി സ്വരൂപം ഗണപതിക്ഷേത്രത്തിൽ നിന്നും തമ്പുരാൻ വക ഭാഗവതവിശാരദ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഹൃദയകുമാരിയുടെ അച്ഛൻ സംസ്കൃതാധ്യാപകനായിരുന്ന വാസുദേവൻ നായർ കവയത്രി സുഗതകുമാരി ടീച്ചറുടെയും സഹോദരി ഹൃദയകുമാരി ടീച്ചറുടെയും അമ്മാവനാണ്. സുഗതകുമാരി ടീച്ചറുടെ അച്ഛൻ സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക പരിഷ്കർത്താവും കവിയുമായിരുന്ന ബോധേശ്വരന്റെ നെയ്യാറ്റിൻകര താഴമൺ കുടുംബവഴിയിൽ അങ്ങനെയാണ് രണ്ടാമതൊരു ഹൃദയകുമാരിയുണ്ടായത്. പെരുമ്പാവൂർ തെറ്റിക്കോട്ട് ശിവശങ്കരപ്പിള്ളയുമായുള്ള വിവാഹം കഴിഞ്ഞതോടെ പെരുമ്പാവൂരിലെത്തിയതാണ് ഈ ഹൃദയകുമാരി. വർഷങ്ങളോളം കോടനാട് മേനോൻ കവലയ്ക്കടുത്ത് പുത്തൻപുര വീട്ടിൽ ജീവിച്ചു. അയ്മുറി നായാട്ടുകാവിനടുത്താണ് ഇപ്പോൾ താമസം
